കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമവുമായി വിവിധ വകുപ്പുകൾ. മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന ഇതില്‍ നിർണായകമാണ്. വകുപ്പ് അധികൃതർ ചാത്തമംഗലത്തെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും.
പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും വിലയിരുത്തിവരികയാണ്. സാന്നിധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്നും ഇവയുടെ സ്രവ സാമ്പിള്‍ ശേഖരിക്കേണ്ടതുണ്ടോ എന്നതും തീരുമാനിക്കും.
നിപ ട്രൂനാറ്റ് പരിശോധന
അതിനിടെ നിരീക്ഷണത്തിലുള്ളവര്‍ക്കായി മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാൻ കഴിയും.
Also read: നിപ വൈറസ് ബാധ: കേന്ദ്ര സംഘം കോഴിക്കോട് എത്തി
അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ ഈ കമ്മറ്റികളിൽ ഉൾപ്പെടുത്തും. ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുകയാണ്.