കോഴിക്കോട്: അഭിനയത്തിൽ മുഖാമുഖം കഴിവ് തെളിയിക്കുകയാണ് ഒരു അച്ഛനും മകനും. കൊയിലാണ്ടി ചേലിയ ഗ്രാമത്തിലെ അനീഷും ഏഴ് വയസുള്ള മകൻ അനയ് ദേവുമാണ് നവമാധ്യമങ്ങളിലൂടെ തരംഗമാകുന്നത്. സിനിമ രംഗങ്ങളെ സ്വന്തം ശരീര ഭാഷയിൽ പുനരാവിഷ്‌കരിക്കുന്നതിനൊപ്പം ചില സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്ന ഹ്രസ്വ ചിത്രകളും ഇവർ ഒരുക്കി.
നവമാധ്യമത്തില്‍ തരംഗമായ അനീഷും ഏഴ് വയസുള്ള മകൻ അനയ് ദേവും കൊവിഡ് കാലത്ത് തുടങ്ങിയ പരീക്ഷണത്തിൽ കുടുംബം തന്നെ ഇപ്പോൾ സജീവമായിരിക്കുകയാണ്. ശബ്‌ദാനുകരണം, കരോക്കെ ഗാനമേള, മേയ്ക്കപ്പ് തുടങ്ങിയ രംഗങ്ങളിൽ സജീവമായിരുന്നു അനീഷ്. കൊവിഡിൽ എല്ലാം അടഞ്ഞതോടെ മകനെ കഥാപാത്രമാക്കി ഹ്രസ്വചിത്രം നിർമ്മിച്ചു.
കൊറോണ വൈറസിനെ തുരത്താൻ എകെ 47 തോക്കുണ്ടായിട്ടും കാര്യമില്ല, പകരം സാനിറ്റൈസർ മതി എന്നതായിരുന്നു ആശയം. 5 വയസുള്ളപ്പോഴാണ് മകനെ അച്ഛൻ നായകനാക്കിയത്. പരീക്ഷണങ്ങൾ തുടർന്ന അനീഷ് 'നാടോടിക്കാറ്റിനെ' ആസ്‌പദമാക്കി 'നാടോടിവാറ്റ്' നിര്‍മ്മിച്ചു.
ലോക്ക്ഡൗൺ കാലത്ത് നാടൻ ചാരായ വാറ്റ് സജീവമായ സമയത്ത് പുറത്ത് വന്ന വീഡിയോക്ക് വലിയ പ്രചാരം ലഭിച്ചു. തുടർന്ന് കുടുംബകഥ പറഞ്ഞ ഹ്രസ്വചിത്രത്തിൽ ഭാര്യ ശരണ്യയേയും കഥാപാത്രമാക്കി. പരമ്പരാഗത തെയ്യം കുടുംബമാണ് അനീഷിൻ്റേത്.
എന്നാൽ പെയിൻ്റിംഗാണ് ഉപജീവനമാർഗം. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുവേളകൾ ചിത്രീകരണത്തിനായി കണ്ടെത്തുമ്പോൾ മകൻ അനയ് ദേവ് തന്നെയാണ് ഏറ്റവും കൂടുതൽ അത് ആസ്വദിക്കുന്നത്.