കോഴിക്കോട് : മുഖ്യമന്ത്രിയെ കാണാൻ ഒരു പതിനാറുകാരൻ വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുക. ക്ലിഫ്ഹൗസിലെ കാവൽക്കാർ ഞെട്ടി. മകനെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും നെട്ടോട്ടത്തിലും.
കുറ്റ്യാടി വേളം സ്വദേശിയായ ദേവനന്ദ്, ആവള ഹയർ സെക്കന്‍ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി, ചെരിപ്പ് വാങ്ങാന്‍ സ്വരൂപിച്ചുവച്ച 500 രൂപയുമായി ബസ് കയറി. സ്‌കൂളിൽ പോകുന്നു എന്ന് പറഞ്ഞാണ് പോയത്. വടകര റയിൽവേ സ്റ്റേഷനിലെത്തി, തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തു.
ശനിയാഴ്‌ച (24/09/22) രാത്രിയാണ് ദേവനന്ദ് തിരുവനന്തപുരത്തെത്തിയത്. രാത്രി ഒൻപതരയോടെ ക്ലിഫ് ഹൗസിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യമാണ് സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് കേട്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു. ഉടന്‍ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
പൊലീസ് ദേവനന്ദിനോട് കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. ദേവനന്ദിന്‍റെ അച്ഛൻ വീട് നിർമാണത്തിനായി ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വായ്‌പയെടുത്തിരുന്നു. വായ്‌പ മുടങ്ങിയതോടെ ഭീഷണിയും ശല്യവുമായി.
'പ്രയാസങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് ഏറെ നാളായി വിചാരിക്കുന്നു, ഒടുവില്‍ ഇറങ്ങിപ്പുറപ്പെട്ടു' ; 'ഒളിച്ചോടിയ' ദേവനന്ദ് പറയുന്നു തലസ്ഥാനത്ത് എത്തിയത് വീട്ടുകാര്‍ പോലും അറിയാതെ :വീട്ടുകാരുടെ ബുദ്ധിമുട്ട് കണ്ട മനോവിഷമത്തിലാണ് ദേവനന്ദ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കാണണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ദേവനന്ദിന് ഉണ്ടായിരുന്നത്. വീട്ടുകാര്‍ പോലും അറിയാതെയാണ് കുട്ടി കോഴിക്കോട് നിന്ന് തലസ്ഥാനത്ത് എത്തിയതെന്ന് പൊലീസ് മനസിലായി.
ഇതോടെ രാത്രി തന്നെ രക്ഷിതാക്കളെ പൊലീസ് വിവരം അറിയിച്ചു. കാര്യങ്ങള്‍ അറിഞ്ഞതോടെ ദേവനന്ദിന്‍റെ അച്ഛന്‍ രാജീവ് രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. ഇരുവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ എല്ലാം പൊലീസ് തന്നെ ഒരുക്കിയിരുന്നു.
ഒടുവില്‍ ദേവനന്ദിന്‍റെ ആവശ്യം അറിഞ്ഞ് മുഖ്യമന്ത്രിയെ കാണാനുള്ള അവസരവും ഒരുങ്ങി. കുട്ടിയെയും അച്ഛനെയും സെക്രട്ടറിയേറ്റിലെ ഓഫിസില്‍ വച്ച് കാണാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സങ്കടങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയോടെ ദേവനന്ദ് : കടം തീര്‍ക്കാനുള്ള എല്ലാ ഇടപെടലുകളും നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെ ദേവനന്ദിന്‍റെ മുഖം തെളിഞ്ഞു. മുഖ്യമന്ത്രി കുട്ടിക്ക് സ്നേഹത്തോടെ ഉപദേശവും നല്‍കി. ഇനി ഇങ്ങനെ വീട്ടുകാരെ ഒന്നും അറിയിക്കാതെ ഇറങ്ങി പോകരുത് എന്നായിരുന്നു ഉപദേശം. ഇല്ലെന്ന് ദേവനന്ദ് ഉറപ്പും നല്‍കി.
മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയോടെയാണ് ദേവനന്ദ് സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങിയത്. പൊലീസുകാര്‍ തന്നെ ദേവനന്ദിനെയും അച്ഛനെയും റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. കുടുംബത്തിന്‍റെ വിഷമം മകനെ ഇത്രത്തോളം സങ്കടപ്പെടുത്തിയിരുന്നു എന്നറിഞ്ഞ മാതാപിതാക്കൾ ഈ പതിനാറുകാരനെ ഓർത്ത് അഭിമാനം കൊള്ളുകയാണ്. ഒപ്പം എന്താണ് സംഭവിച്ചതെന്ന് ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയും.