കേരളം

kerala

ETV Bharat / state

Sitaram Yechury | 'ഏക വ്യക്‌തി നിയമം ലക്ഷ്യം വയ്‌ക്കുന്നത് മുസ്‌ലിം സമുദായത്തെ'; ബിജെപി ശ്രമം വർഗീയ ധ്രുവീകരണമെന്ന് യെച്ചൂരി - സിപിഎം ദേശീയ സെമിനാര്‍

രാജ്യത്തെ ഭരണഘടനയിലെ പ്രധാന മൂല്യങ്ങളെ തകർക്കലാണ് മോദി സർക്കാരിൻ്റെ ലക്ഷ്യമെന്നും യെച്ചൂരി

സീതറാം യെച്ചൂരി  യുയുസി  യൂണിഫോം സിവിൽ കോഡ്  സിപിഎം സെമിനാർ  sitaram yechury about uniform civil code  cpm seminar  ബിജെപിയുടെ ലക്ഷ്യം വർഗീയ ധ്രുവീകരണമെന്ന് യെച്ചൂരി  ഏക വ്യക്‌തി നിയമം  മോദി  ബിജെപി  BJP  സിപിഎം ദേശീയ സെമിനാര്‍  യെച്ചൂരി
സീതാറാം യെച്ചൂരി

By

Published : Jul 15, 2023, 6:29 PM IST

Updated : Jul 15, 2023, 8:28 PM IST

ബിജെപി ശ്രമം വർഗീയ ധ്രുവീകരണമെന്ന് യെച്ചൂരി

കോഴിക്കോട് :ഏക വ്യക്‌തി നിയമം നടപ്പിലാക്കുന്നതിലൂടെ ബിജെപി ലക്ഷ്യം വയ്‌ക്കുന്നത് വർഗീയ ധ്രുവീകരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുസിസി ആവശ്യമില്ല എന്നാണ് നിയമ കമ്മിഷൻ റിപ്പോർട്ട് നൽകിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

മറ്റ് പല അജണ്ടകളാണ് ഈ നയത്തിന് പിന്നിൽ. സമത്വത്തെ സിപിഎം അംഗീകരിക്കുന്നു. ഒരു മതത്തിലോ സമുദായത്തിലോ എന്തെങ്കിലും മാറ്റം കൊണ്ട് വരണമെങ്കിൽ അതിന് ജനാധിപത്യമായ ചർച്ചകൾ വേണം. അല്ലാതെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും യെച്ചൂരി പറഞ്ഞു. വൈവിധ്യങ്ങളെ ഉയർത്തിക്കാണിക്കുന്ന ഭരണഘടനയിലെ തത്വങ്ങൾ അട്ടിമറിക്കപ്പെടുകയാണ്.

ഹിന്ദുമതത്തിലും അനാചാരങ്ങൾ നിലനിൽക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഗോത്ര വർഗങ്ങളിലും ഇത് നിലനിൽക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ മാതാവിന്‍റെ സഹോദരന്‍റെ മകനേയൊ മകളെയോ വിവാഹം കഴിക്കുന്ന ആചാരമുണ്ട്. അത് സംരക്ഷിപ്പെടുന്നുമുണ്ട്. സ്വത്തവകാശത്തില്‍ വ്യത്യസ്‌ത മതങ്ങളില്‍ വ്യത്യസ്‌ത ആചാരങ്ങളാണുള്ളത്.

സ്ത്രീകള്‍ക്കും വിധവകള്‍ക്കും സ്വത്തവകാശം നിഷേധിക്കുന്ന ഹിന്ദു മതവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. ഇങ്ങനെ പല തരത്തിലുള്ള അനാചാരങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് എന്ത് ഏകീകരണമാണ് ഉദ്ദേശിക്കുന്നത്?. എങ്ങനെയാണ് യുസിസി നടപ്പിലാക്കുന്നത്. അത് സമൂഹത്തെ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും യെച്ചൂരി വ്യക്‌തമാക്കി.

ലക്ഷ്യം തെരഞ്ഞെടുപ്പ്: രാജ്യത്ത് നിലനിൽക്കുന്ന വ്യത്യസ്‌ത രീതികൾ രാജ്യത്തിന് തന്നെ ആപത്താണ്. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതാണ്. അതായത് നിയമ കമ്മിഷൻ റിപ്പോർട്ടിനെ തള്ളിക്കളയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പല അഭ്യാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അവർ യുസിസിയിൽ എത്തി നിൽക്കുന്നത്.

ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്‌ടിച്ച് 2024ലെ തെരഞ്ഞടുപ്പില്‍ നേട്ടം ഉണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍. ഗോവധ നിരോധന നിയമം, ലൗ ജിഹാദ് തടയുന്ന നിയമം തുടങ്ങിയവയെല്ലാം ഇതുപോലെ പ്രത്യേക അജണ്ട മുന്നില്‍ കണ്ട് കൊണ്ടുവന്നതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഈ സാമുദായിക ധ്രുവീകരണം ഇന്ത്യ എന്ന സങ്കല്‍പത്തെ തന്നെ ഇല്ലാതാക്കും.

ഗോത്ര വിഭാഗങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നാഗാലാൻഡ് മുഖ്യമന്ത്രിയുടെ ആവശ്യം അമിത് ഷാ അംഗീകരിച്ചതായി പറയുന്നു. ഇത്തരത്തിൽ പലരെയും ഒഴിവാക്കിയതായാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പറയണമെന്നും യെച്ചൂരി പറഞ്ഞു.

മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചാണ് മോദിയുടെ പുതിയ നീക്കം. പൗരത്വ ബില്ലിലും കശ്‌മീർ വിഷയത്തിലും കണ്ടതും അത് തന്നെയാണ്. രാജ്യത്തെ ഭരണഘടനയിലെ പ്രധാന മൂല്യങ്ങളെ തകർക്കലാണ് മോദി സർക്കാരിൻ്റെ ലക്ഷ്യം. അതിനാൽ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കെതിരായ നീക്കങ്ങൾക്കെതിരെ പോരാടാൻ സിപിഎം മുന്നിലുണ്ടാവുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

അതേസമയം മണിപ്പൂരിൽ നിയമവാഴ്‌ച ഉണ്ടാകാൻ പാടില്ല എന്നതാണ് മോദി സർക്കാരിൻ്റെ നയമെന്ന് സെമിനാറിൽ സംസാരിച്ച ജോസ് കെ മാണി പറഞ്ഞു. അതിൻ്റെ ബാക്കിപത്രമാണ് യുസിസിയിലൂടെ രാജ്യത്ത് നടപ്പിലാക്കാൻ നോക്കുന്നത്. അത് അനുവദിക്കാൻ പാടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Last Updated : Jul 15, 2023, 8:28 PM IST

ABOUT THE AUTHOR

...view details