കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിന്‍റ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ ഇന്ന് പുറത്ത് വരും. സിദ്ധിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരില്‍ എത്തിച്ചു. ചെന്നൈയിൽ പിടിയിലായ പ്രതികള്‍ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ചത്.
എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇവരെ ചോദ്യം ചെയ്യുക. മെയ് 18നാണ് ഷിബിലിയെ സിദ്ധിഖ് തന്‍റെ ഹോട്ടലിൽ നിന്ന് പുറത്താക്കിയത്. അന്ന് ഉച്ചക്ക് ശേഷം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ധിഖ് രണ്ട് മുറി വാടകക്കെടുത്തതും ഷിബിലിയും ഫർഹാനയും അവിടെ എത്തിയതുമാണ് ഏറെ ദുരൂഹത ഉയര്‍ത്തുന്നത്.
സിദ്ധിഖിന്‍റെ എടിഎം കാർഡിന്‍റെ പിൻ നമ്പർ ഷിബിലിക്ക് നേരത്തെ അറിയാമായിരുന്നു എന്നതാണ് ഇതിൽ നിർണായകം. അനുരഞ്ജനത്തിലൂടെ ഒത്തുതീർപ്പിനായാണോ അതോ ഹണിട്രാപ്പിലൂടെയാണോ ഇവര്‍ സിദ്ധിഖിനെ മുറിയിൽ എത്തിച്ചത് എന്നതിലാണ് വ്യക്തത വരേണ്ടത്. സിദ്ധിഖിന്‍റെ രീതികൾ മനസിലാക്കിയ ഷിബിലി തന്ത്രപൂർവം നടത്തിയ നീക്കത്തിന്‍റെ ഭാഗമാണ് ഈ കൊലപാതകം.
ഹോട്ടൽ മുറിയിൽ വലിയ തർക്കം നടന്നതായും കൂട്ടു പ്രതി ആഷിഖ് സമ്മതിച്ചിട്ടുണ്ട്. മർദിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ശരീര ഭാഗങ്ങൾ മുറിക്കാനുള്ള ഇലക്‌ട്രിക് കട്ടറും കഷണങ്ങളാക്കിയ ശരീരം ഉപേക്ഷിക്കാനുള്ള ട്രോളി ബാഗും വാങ്ങിയതെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. ഇവയെല്ലാം വാങ്ങിയ കടകളും പൊലീസ് മനസിലാക്കിയിട്ടുണ്ട്.
എന്തെങ്കിലും തരത്തിലുള്ള വിഷാംശം സിദ്ധിഖിന്‍റെ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വരണം. തിരൂർ പൊലീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റാനാണ് സാധ്യത. തെളിവെടുപ്പ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.