കേരളം

kerala

ETV Bharat / state

തള്ളാനോ കൊള്ളാനോ കഴിയാതെ ലീഗ് ; മുഈനലിക്കെതിരെ നേതൃയോഗത്തില്‍ നടപടിക്ക് സാധ്യത

അച്ചടക്ക നടപടി ലംഘിച്ച മുഈനലിക്കെതിരെ നടപടി വേണമെന്ന് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരും പാണക്കാട് കുടുംബാംഗത്തിനെതിരെയുള്ള നടപടി തിരിച്ചടിയാകുമെന്ന് മറുവിഭാഗവും വാദിക്കുന്നു.

മുഈൻ അലി  കുഞ്ഞാലിക്കുട്ടി  SHIHAB THANGAL  PK KUNJALIKUTTY  Muinali  മുഈനലിക്കെതിരെ നടപടിക്ക് സാധ്യത  മുഈനലി അച്ചടക്ക നടപടി  ചന്ദ്രിക  ചന്ദ്രിക കുഞ്ഞാലിക്കുട്ടി  ചന്ദ്രിക കേസ്  പാണക്കാട്ട്‌ തങ്ങൾ
തള്ളാനോ കൊള്ളാനോ കഴിയാതെ ലീഗ്; നേതൃയോഗത്തിൽ മുഈനലിക്കെതിരെ നടപടിക്ക് സാധ്യത

By

Published : Aug 7, 2021, 10:45 AM IST

കോഴിക്കോട് :പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി നടത്തിയ പരസ്യ പ്രതികരണം ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ ഒത്തുകൂടുമ്പോൾ പാർട്ടി നേരിടുന്നത് ഇക്കാലമത്രയുമുണ്ടാകാത്ത പ്രതിസന്ധി.

പ്രവർത്തകർ ആത്മീയ നേതാവായി ഏറെ ആദരിക്കുന്ന പാണക്കാട്ട്‌ തങ്ങളുടെ മകനാണോ അതോ വിവാദച്ചുഴിയിൽ പെട്ട പി കെ കുഞ്ഞാലിക്കുട്ടിയാണോ ശരി എന്നതില്‍ നിലപാട് കൈക്കൊള്ളേണ്ട സ്ഥിതിയിലാണ് പാർട്ടി.

ഇനി സമവായത്തിൻ്റെ വഴി കണ്ടെത്തിയാൽ മുഖം രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി പാടുപെടും. നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നാൽ അത് കലാപമാകും.

വിവാദമായി റാഫി പുതിയകടവിന്‍റെ പരസ്യ തെറിവിളി

കോഴിക്കോട്ടെ വാർത്താസമ്മേളനത്തിൽ മുഈനലിയെ പറഞ്ഞത് പൂർത്തിയാക്കാൻ അനുവദിക്കാതെ വാർത്താസമ്മേളനം തടസപ്പെടുത്തിയ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ റാഫി പുതിയകടവിൻ്റെ നീക്കത്തിനെതിയും പ്രതിഷേധം ഉയരുകയാണ്.

ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കയറി ലൈവ് ടെലികാസ്റ്റിങ് നടക്കുന്ന സമയത്ത് പാണക്കാട് തങ്ങളുടെ മകനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സമസ്തയും ലീഗിലെ ചില നേതാക്കളും അസ്വസ്ഥരാണ്.

2004ൽ ഐസ് ക്രീം പാർലർ പെൺവാണിഭ വാർത്ത പുറത്ത് വിട്ട സ്വകാര്യ ചാനലിൽ കയറി അക്രമം നടത്തിയ കേസിലെ പ്രതിയാണ് റാഫി. സംഭവത്തോട്‌ പ്രതികരിക്കാൻ കുഞ്ഞാലിക്കുട്ടി ഇതുവരെ തയ്യാറായിട്ടില്ല.

പ്രതികരിച്ച ജനറൽ സെക്രട്ടറി പിഎംഎ സലാം, മുഈൻ അലിയെ തള്ളിപ്പറഞ്ഞപ്പോൾ പരസ്യത്തെറിവിളി നടത്തിയ റാഫി പുതിയകടവിനെതിരെ ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി ഹൈദരലി തങ്ങളുടെ കത്ത്

'ചന്ദ്രിക' വിഷയത്തിൽ മുഈനലിക്ക് റോൾ ഒന്നുമില്ലെന്ന കുഞ്ഞാലിക്കുട്ടി പക്ഷത്തിൻ്റെ നിലപാടിനെ ഖണ്ഡിക്കുന്ന തെളിവുകൾ പുറത്തുവന്നതും വലിയ തലവേദനയാണ്. മുഈനലി തങ്ങളെ ലീഗിന്‍റെ മുഖപത്രമായ ചന്ദ്രികയുടെ ചുമതല ഏൽപ്പിച്ചുവെന്ന സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി തങ്ങളുടെ കത്താണ് പുറത്തായത്.

ചന്ദ്രികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഈനലിയെ ചുമതലപ്പെടുത്തിയുള്ള കത്ത്‌ മാർച്ച് അഞ്ചിനാണ്‌ നൽകിയിട്ടുള്ളത്‌. ചന്ദ്രിക വിഷയത്തിൽ ഇടപെട്ടത് തെറ്റെന്ന് ചൂണ്ടിക്കാട്ടി മുഈൻ അലിക്കെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്ന കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് തിരിച്ചടിയാണിത്‌.

അതേസമയം ഭീഷണിക്കും സമ്മർദത്തിനും വഴങ്ങാതെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഈനലി തങ്ങൾ. വിദേശത്തുനിന്നടക്കം ഫോണിലൂടെ വധഭീഷണി വരെ ഉണ്ടെന്നും തൽക്കാലം പരസ്യ പ്രതികരണത്തിനില്ലെന്നുമാണ് നിലപാട്.

READ MORE:'ചന്ദ്രിക' വിഷയത്തിൽ ചുമതല മുഈനലിക്ക്; തങ്ങളുടെ കത്ത് പുറത്ത്

തങ്ങളുടെ മകൻ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ പാണക്കാട് കുടുംബത്തെ തണുപ്പിക്കാനുള്ള നീക്കവും കുഞ്ഞാലിക്കുട്ടി പക്ഷം നടത്തുന്നുണ്ട്‌. ലീഗ് ഉന്നതാധികാര സമിതി അംഗം പി എം സാദിഖലി തങ്ങൾ വഴിയാണ് നീക്കം. എന്തായാലും ലീഗ് നേതൃയോഗത്തിന് മുമ്പ് പാണക്കാട് കുടുംബം ഒത്തുചേർന്നെടുക്കുന്ന തീരുമാനം നിർണായകമാകും.

ABOUT THE AUTHOR

...view details