കോഴിക്കോട്:സ്‌ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് 2014-ല്‍ നഗരത്തില്‍ ആരംഭിച്ച ഷീ ടാക്‌സി ലക്ഷ്യം കാണാതെ സര്‍വീസ് പൂര്‍ണമായും അവസാനിപ്പിച്ചു. സ്‌ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ സ്‌ത്രീകള്‍ ഓടിക്കുന്ന ടാക്‌സികള്‍ എന്ന അവകാശവാദവുമായാണ് നഗരത്തില്‍ ഷീ ടാക്‌സി സര്‍വീസ് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ വാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്, താമസിക്കുന്ന വീടും പറമ്പും പണയപ്പെടുത്തി കാറുകള്‍ വാങ്ങിയ ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ ഇപ്പോള്‍ ജപ്‌തി ഭീഷണിയിലാണ്.
നാല് ഷീ ടാക്‌സികളാണ് നഗരത്തിലുണ്ടായിരുന്നത്. 9, 10 ലക്ഷം രൂപ വരെ സംസ്ഥാന വനിത വികസന കോർപ്പറേഷനില്‍ നിന്ന് വായ്‌പയെടുത്താണ് ഡ്രൈവര്‍മാര്‍ കാറ് വാങ്ങിയത്. കോഴിക്കോട്ടെ സർക്കാർ ഓഫിസുകളിലേക്ക് ടാക്‌സി വിളിക്കുമ്പോൾ ഷീ ടാക്‌സികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും, പൊതുമേഖല സ്ഥാപനങ്ങളിലേക്ക് ടാക്‌സികൾ വിളിക്കുമ്പോഴും ഷീ ടാക്‌സികൾക്കായിരിക്കും മുന്തിയ പരിഗണനയെന്നുമായിരുന്നു സർക്കാർ വാഗ്‌ദാനം.