കോഴിക്കോട് :യൂറോപ്യൻ പ്രൊഫഷണല്‍ ഫുട്ബോൾ ക്ലബ്ബിൽ ബൂട്ടണിയാൻ മലയാളിയും. കാപ്പാട് കണ്ണംകടവ് സ്വദേശിയായ ഷംസീര്‍ മുഹമ്മദാണ് (Shamsir Muhammad) മാള്‍ട്ട ഫുട്‌ബോള്‍ ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നത് (Shamsir Mohammed to play for Malta club). ഇതോടെ മാള്‍ട്ട ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി കൂടി ഷംസീർ സ്വന്തമാക്കി. മാള്‍ട്ടയിലെ എംഡിന നൈറ്റ് എഫ്‌സിക്ക് (Mdina knights fc) വേണ്ടിയാണ് ഡിഫന്‍ററായ ഈ 29കാരൻ കളത്തിലിറങ്ങുക.
ഇത്രയും വലിയ നേട്ടത്തിലേക്ക് എത്താൻ കൂടെ നിന്നവർക്കെല്ലാം ഷംസീർ ഇടിവി ഭാരതിലൂടെ നന്ദി പറഞ്ഞു. തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, ഗുരുവായൂരപ്പന്‍ കോളജിലുമായി ഡിഗ്രി പൂര്‍ത്തിയാക്കിയ ഷംസീർ കോഴിക്കോട് ജില്ല ടീമിൽ അംഗമായിരുന്നു. അണ്ടര്‍ 21 ക്യാപ്റ്റനായും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രൊമസിങ് ടീമിന്‍റെ ഭാഗമായും ബൂട്ടണിഞ്ഞു. കേരള പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണില്‍ ക്വാര്‍ട്‌സ് എഫ്‌സിക്ക് വേണ്ടിയും ഷംസീര്‍ കളിച്ചു.
തുടർന്ന് ബഹ്‌റിനിലേക്ക് വിമാനം കയറിയ ഷംസീർ യുവകേരള എഫ്‌സിക്ക് വേണ്ടിയും നാല് വര്‍ഷത്തോളം കളിച്ചു. പിന്നീട് ബഹ്‌റിനിലെ ഗലാലി ഗസ്റ്റി ടീമിനായും ജഴ്‌സി അണിഞ്ഞു. തുടര്‍ന്നാണ് യൂറോപ്യൻ രാജ്യമായ മാള്‍ട്ടയിലേക്ക് യാത്ര തിരിച്ചത്. പിജി പഠനത്തിനായി എത്തിയ ഷംസീർ മാള്‍ട്ടയില്‍ അറ്റാര്‍ഡ് എഡക്‌സ് കിങ് എഫ്‌സിക്ക് വേണ്ടി ഒരു സീസണ്‍ കളിച്ചു.