കോഴിക്കോട് : ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ഏപ്രില്‍ 20 വരെ റിമാൻഡ് ചെയ്‌തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ് സൂരജ്, കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.
അതേസമയം ഷാറൂഖ് സെയ്‌ഫിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കരൾ സംബന്ധമായ പരിശോധന ഫലം സാധാരണ നിലയിലാണ്. എൽഎഫ്‌ടി റിപ്പോർട്ട് പ്രകാരമാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല നിഗമനത്തിലെത്തിയത്. റിമാൻഡിലായ പ്രതിയെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഷാറൂഖ് സെയ്‌ഫിയെ ഇന്നുതന്നെ ജയിലിലേക്ക് മാറ്റും. കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കണ്ണൂരിൽ കൊണ്ടുപോയി തീവെപ്പ് നടത്തിയ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ D1, D2 ബോഗികളിൽ കൊണ്ടുപോയി ആദ്യം തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
കോടതിയിൽ ഹാജരാക്കുന്നതില്‍ അവ്യക്തത: ട്രാൻസിറ്റ് വാറണ്ടിന്‍റെ സമയ പരിധി കഴിഞ്ഞിട്ടും ഔദ്യോഗികമായി പ്രതിയുടെ വിശദാംശങ്ങൾ മജിസ്ട്രേറ്റിനെ അന്വേഷണ സംഘം അറിയിച്ചിരുന്നില്ല. കരൾ വീക്കം ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്‌മിറ്റാക്കിയത്. ഇന്ന് രാവിലെയോടു കൂടി എൽഎഫ്‌ടി റിപ്പോർട്ട് പുറത്തുവരികയും കരൾ സംബന്ധമായ പരിശോധന ഫലം സാധാരണ നിലയിലാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ഇതോടെയാണ് അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്.
പൊലീസിന്‍റെ ഒളിച്ചുകളി: ഇന്നലെ മുഴുവൻ മാധ്യമങ്ങളിൽ നിന്നും പ്രതിയെ പൊലീസ് ഒളിച്ചു കടത്തുകയായിരുന്നു. ഇന്നും പൊലീസിന്‍റെ ഒളിച്ചുകളി തുടരുകയാണ്. അതിനിടെ, അതീവ സുരക്ഷ ഏർപ്പെടുത്തി മെഡിക്കൽ കോളജിൽ പ്രതിയുമായി പരിശോധന നടത്തുന്ന സംഘത്തിനൊപ്പം കോഴിക്കോട്ടെ ഒരു ചാനൽ റിപ്പോർട്ടർ മുഴുവൻ സമയവും ചെലവിട്ട് വാർത്ത റിപ്പോർട്ട് ചെയ്‌തത് വിവാദമായിരിക്കുകയാണ്. ഇതിനെതിരെ ആരോഗ്യ മന്ത്രിയ്‌ക്കടക്കം പരാതി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
പ്രതിയുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമാണ് ഉള്ളതെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഓടുന്ന ട്രെയിനിൽ നിന്ന് വീണതാവാം പരിക്കിന് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണം സംഘവും. ഇത് സാധൂകരിക്കുന്ന മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ വീഴ്‌ച ഉണ്ടായത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അജ്‌മീറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ രത്നഗിരിക്ക് മുമ്പ് ഖേദയിൽ വച്ചാണ് പ്രതി ട്രെയിനില്‍ നിന്ന് താഴേക്ക് പതിക്കുന്നത്. ആരെങ്കിലും ഇയാളെ പുറത്തേക്ക് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചതാണോ എന്ന സംശയം ആണ് ഇവിടെ പ്രധാനമായും ഉയരുന്നത്. ഇയാൾക്കൊപ്പം സഹായികളോ കൂട്ടുപ്രതികളോ ഉണ്ടോ എന്നതിൽ ഉറപ്പ് വരുത്താൻ പരിക്കിൻ്റെ റിപ്പോർട്ട് നിരത്തിയുള്ള തുടർ ചോദ്യം ചെയ്യലിൽ സാധിച്ചേക്കും. അതേസമയം, പൊള്ളലേറ്റതിന്‍റെ പരിക്ക് വളരെ നിസ്സാരവും ഒരു ശതമാനത്തിൽ താഴെയെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്.
പരസ്‌പര വിരുദ്ധ മൊഴികൾ: സംഭവത്തിൽ പരസ്‌പര വിരുദ്ധമായ മൊഴികളാണ് പ്രതി ചോദ്യം ചെയ്യലിൽ നൽകിയത്. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് മഹാരാഷ്‌ട്ര എടിഎസിന് പ്രതി ആദ്യം നൽകിയ മൊഴി. എന്നാൽ, അത് ആരെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും ഇയാൾ വ്യക്തമായ ഉത്തരം പറഞ്ഞില്ല.
കേരളത്തിലേക്ക് വരുമ്പോൾ മുംബൈ വരെ തന്നോടൊപ്പം ഒരാൾ ഉണ്ടായിരുന്നു എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇതും തിരുത്തി പറഞ്ഞു. തന്‍റെ കുബുദ്ധിയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ കേരള പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കുറേക്കൂടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.