കോഴിക്കോട്:ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഷബ്നയുടെ ബന്ധുക്കൾ. ഭർതൃ വീട്ടിലെ പീഡനത്തിന്റെ തെളിവുകൾ നൽകിയിട്ടും ഷബ്നയുടെ ഭർത്താവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല എന്നാണ് പരാതി.
പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി കേസ് അട്ടിമറിക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഷബ്നയെ മർദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും യുവതിയുടെ കുടുംബം തന്നെയാണ് നൽകിയത്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിച്ച കുടുംബം, ദൃക്സാക്ഷിയായ മകൾ നൽകിയ മൊഴിയും ഗൗരവമായി കണ്ടില്ലെന്ന് ആക്ഷേപം ഉയർത്തുന്നുണ്ട്.