കോഴിക്കോട്:റൂറല്‍ ജില്ലയില്‍ ഏഴ് ദിവസത്തേക്ക് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡിന്‍റെ പ്രത്യേക സാഹചര്യവും വോട്ടെണ്ണലും കണക്കിലെടുത്താണ് നിരോധനാജ്ഞ. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാനോ ആയുധങ്ങള്‍ കൊണ്ടുനടക്കാനോ പാടില്ല. ഇന്നു വൈകുന്നേരം ആറു മണി മുതല്‍ ഏഴ് ദിവസത്തേക്കാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അല്ലാത്തവര്‍ക്ക് കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല. യാതൊരു വിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ ബൈക്ക് റാലി, ഡിജെ എന്നിവ നടത്താന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് റൂറല്‍ പരിധിയിൽ ഏഴാം തിയതി വരെ നിരോധനാജ്ഞ
ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ ഏഴ് ദിവസത്തേക്കാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ടെയ്‌മെന്‍റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്‍റ് സോണുകൾ, ടി.പി.ആര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികൾ എന്നിവിടങ്ങളിൽ കര്‍ശന നിയന്ത്രണമുണ്ടാവും. പാര്‍ട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല. അവശ്യ സര്‍വീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷന്‍ റിസള്‍ട്ട് എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കരുത്. അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവ സിആര്‍പിസി 144 പ്രകാരം കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.