കോഴിക്കോട്: പാരമ്പര്യത്തിൻ്റെ പിൻബലമോ ഗുരുനാഥന്മാരുടെ ശിക്ഷണമോ ഇല്ലാത്ത ഒരു ശിൽപിയുണ്ട് കോഴിക്കോട്. ജന്മവാസന ഒന്നുകൊണ്ടുമാത്രം ശില്‍പകലയിൽ കഴിവ് തെളിയിച്ച പെരുവയൽ കട്ടാടിപ്പറമ്പ് ബാലകൃഷ്‌ണൻ. 30 വർഷത്തിലേറെ കാലമായി ശിൽപങ്ങളുടെ മാത്രം ലോകത്ത് ജീവിക്കുന്ന ബാലകൃഷ്‌ണന്‍റെ കൈകളിലൂടെ പിറവിയെടുത്തത് നിരവധി നിർമിതികളാണ്.
മനസിൽ തോന്നിയതുപോലെ ചെറിയ രൂപങ്ങൾ നിർമിച്ചായിരുന്നു ശിൽപ നിർമാണത്തിന്‍റെ തുടക്കം. അത് വിജയിച്ചതോടെ നിർമിതിയുടെ വലിപ്പവും കൂടിക്കൂടി വന്നു. ഇപ്പോൾ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി ബാലകൃഷ്‌ണൻ ശിൽപി എന്ന നിലയിൽ ഏറെ പ്രശസ്‌തി നേടിക്കഴിഞ്ഞു. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ കൊത്തുപണികളും ബാലകൃഷ്‌ണൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
ആദ്യകാലങ്ങളിൽ മരങ്ങളിലും കല്ലുകളിലും മാത്രമായിരുന്നു നിർമാണമെങ്കിൽ ഇന്ന് കോൺക്രീറ്റിലാണ് വിവിധ രൂപങ്ങൾ പിറവിയെടുക്കുന്നത്. ചെലവ് കുറവും എളുപ്പത്തിൽ നിർമിക്കാവുന്നതുമാണ് ഇത്തരം ശിൽപങ്ങൾ എന്നാണ് ബാലകൃഷ്‌ണൻ പറയുന്നത്. സിമന്‍റ്, കമ്പി എന്നിവയാണ് ഇപ്പോൾ ശിൽപ നിർമാണത്തിനുപയോഗിക്കുന്ന പ്രധാന സാമഗ്രികൾ.