കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം ( Scissors in Stomach Case ) കുടുങ്ങിയ കേസിൽ ഹാജരാകാൻ പ്രതികൾക്ക് പൊലീസ് നോട്ടിസ് അയച്ചു (The police have sent notices to the accused to appear in the Harshina case). രണ്ട് ഡോക്ടർമാർ രണ്ട് നഴ്‌സുമാർ എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് മെഡി. കോളജ് അസി. കമ്മിഷണർ കെ സുദർശന് മുമ്പാകെ ഹാജരാകാനാണ് നിർദേശം. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എ സി പി പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ രമേശൻ സി കെ, നിലവിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നഴ്സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവത്തിന് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് ഇവരെല്ലാം. പ്രതികളുടെ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കുകയാണ് പൊലീസ്. ഇന്നലെയാണ് അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചത്. ഇപ്പോൾ പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്‌തിരുന്നു. പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.