കോഴിക്കോട് :വേദന മറക്കാനും രോഗത്തിനെതിരെ പൊരുതാനും സംഗീതവും സ്വര സാന്നിധ്യവും ഔഷധമാണ്. ഈ വരിയിലൂടെയെത്തുന്നത് ഒരു പതിനൊന്നുകാരനിലേക്കാണ്. വള്ള്യാട് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി സാരംഗ്. വടകര കോട്ടപ്പള്ളിയിലെ മണക്കുനി രാജീവന്‍റെയും ഷെറീനയുടേയും ഏക മകൻ. ആറ് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ഈ ദമ്പതികൾക്ക് ആറ്റുനോറ്റ് കിട്ടിയ ആൺതരി.
എന്നാൽ ജന്മനാ ബാധിച്ച കുടൽ രോഗം സാരംഗിനെയും ഈ കുടുംബത്തേയും വിടാതെ അലട്ടുകയാണ്. ശാസ്ത്രത്തിന്‍റെ കൃത്രിമ സംവിധാനങ്ങളിലൂടെയാണ് സാരംഗിന്‍റെ ജീവിതം. പത്ത് വയസിനിടെ അഞ്ച് പ്രധാന ശസ്ത്രക്രിയകള്‍ ഈ പിഞ്ച് ശരീരത്തിൽ ചെയ്തുകഴിഞ്ഞു. 50 ലക്ഷത്തിലേറെ രൂപ ചെലവായി. മരുന്നിനും ചികിത്സയ്ക്കുമായി ഇപ്പോഴും തുടരുന്ന ചെലവുകള്‍ വേറെയും.
ALSO READ:Alappuzha Ranjith Murder | കൊലയാളികളെ തിരിച്ചറിഞ്ഞു, പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ടെന്ന് എഡിജിപി
പാരമ്പര്യമായി സ്വർണപ്പണിക്കാരാണ് രാജീവന്‍റെ കുടുംബം. ഒപ്പം സംഗീത പാരമ്പര്യവുമുണ്ട്. അത് നന്നായി പകർന്ന് കിട്ടിയത് സാരംഗിനാണ്. കൊവിഡ് കാലത്ത് സാരംഗ് പാടിയ ഗാനങ്ങൾ കേട്ട് സംവിധായകൻ ജയരാജ് തന്‍റെ അടുത്ത ചിത്രമായ 'പ്രമവദന'ത്തില്‍ പാടാന്‍ അവസരം നല്‍കി.അച്ഛൻ രാജീവൻ എഴുതിയ വരികളാണ് മകൻ പാടിയതെന്നതും പ്രത്യേകതയായി.'പാഴ്മുളം തണ്ടിൽ' എന്ന് തുടങ്ങുന്ന ഗാനം നാദാപുരത്തെ സ്റ്റുഡിയോയിലാണ് റെക്കോഡ് ചെയ്തത്.
എല്ലാം മറക്കാൻ സംഗീതം തുണയേകുമ്പോഴും ചികിത്സാ ചെലവിന് മാർഗമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. ആകെയുണ്ടായിരുന്ന ജ്വല്ലറിയും 17 സെന്‍റ് സ്ഥലവും വിറ്റു. മകന്‍റെ പരിചരണത്തിന് എപ്പോഴും മാതാപിതാക്കൾ അടുത്ത് വേണം. എന്നെങ്കിലും ഈ ദുരിതാവസ്ഥയില്‍ നിന്ന് മോചനം ഉണ്ടാകുമോയെന്ന് ചോദിച്ചാൽ അതൊരു പ്രതീക്ഷ മാത്രമാണ്. എന്നാലും അവന് വേണ്ടി ജീവിതം മാറ്റിവച്ചിരിക്കുകയാണ് രാജീവനും കുടുംബവും. കനിവിന്‍റെ കരങ്ങള്‍ നീട്ടി ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയോടെ.
CONTACT :
രാജീവൻ മണക്കുനി