കോഴിക്കോട്: നാടാകെ ഫുട്ബോള്‍ ലോകകപ്പിന്‍റെ തിരയിളക്കത്തിലാണ്. പ്രായഭേദമന്യേ എല്ലാവരും കാല്‍പ്പന്ത് കളിയുടെ ലോക മാമാങ്കത്തിന്‍റെ ആവേശത്തില്‍ ആറാടി നില്‍ക്കെ വിശ്വാസികള്‍ ടൂര്‍ണമെന്‍റിനെ എങ്ങനെ സമീപിക്കണമെന്ന നിര്‍ദേശവുമായി സമസ്‌ത രംഗത്ത്. ഇന്ന് ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്‌ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഫുട്‌ബോളിനെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം താരാരാധനയും ആ രാഷ്‌ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല. ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു എന്നും പ്രസംഗക്കുറിപ്പില്‍ പറയുന്നു.
എന്നാൽ, വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നു. നമസ്‌കാരം കൃത്യസമയത്ത് നിർവഹിക്കുന്നതിൽ നിന്നും തടസപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം. ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാകാൻ പാടില്ല.
ചെലവിടുന്ന സമയവും പണവും അവന്‍റെ ദൈവം നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും ദൈവത്തിന്‍റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ലഹരിയായി തീരാൻ പാടില്ല.