കോഴിക്കോട് :അയ്യപ്പ ഭക്തർക്കായി ഇരുമുടിക്കെട്ടിലേക്കുള്ള കൈസഞ്ചിയും തോൾസഞ്ചിയും നിർമിക്കുകയാണ് പന്തീരാങ്കാവിലെ ഒരു കൂട്ടായ്‌മ. കണ്ണുകാണാത്തവരും സംസാരശേഷി ഇല്ലാത്തവരുമായ വനിതകളുടേതാണ് ഈ കൂട്ടായ്‌മ (differently abled women collective in Pantheeramkavu, kozhikode). കഴിഞ്ഞ അഞ്ചുവർഷമായി പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന 'സക്ഷമ'യാണ് (Sakshama) ഇവർക്കെല്ലാം തണലൊരുക്കിയത്.
ഇന്ത്യയിലുടനീളം പ്രവർത്തന സജ്ജരായ 'സക്ഷമ' ഭിന്നശേഷിക്കാരായ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിനാണ് ആരംഭിച്ചത്. 2016ൽ സമദൃഷ്‌ടി ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ രജിസ്റ്റർ ചെയ്‌താണ് ഒരു വാടക വീട്ടിൽ പ്രവർത്തനം തുടങ്ങിയത്. പിന്നീട് പന്തീരാങ്കാവ് വെള്ളക്കാട്ട് പറമ്പിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സുമനസുകളായ ദമ്പതികളാണ് ഈ 21 സെന്‍റ് സ്ഥലം സക്ഷമയ്‌ക്ക് ദാനമായി നൽകിയത്.
തൊഴിൽ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തയ്യൽക്കാരനെ കൊണ്ടുവന്ന് തുന്നൽ പരിശീലനം തുടങ്ങി. ആദ്യം ഉടുപ്പുകളും മാറ്റുമെല്ലാം നിർമ്മിച്ചു. എന്നാൽ വരുമാനത്തിനുള്ള വ്യത്യസ്‌ത വഴിയിലേക്കായി അടുത്ത ചിന്ത. തുടർന്നാണ് ഈ മണ്ഡലകാലത്ത് ഇരുമുടി സഞ്ചി നിർമിച്ചാലോ എന്ന് ആലോചിച്ചത്.
ആദ്യം കടയിൽ പോയി ഒരു ഇരുമുടി സഞ്ചി വാങ്ങി. ഇതെങ്ങനെയാണ് തുന്നിയതെന്ന് പഠിച്ചെടുത്തു. തുടർന്ന് സ്വന്തമായി സഞ്ചികൾ തുന്നിത്തുടങ്ങി. പിന്നാലെ കട്ടിയുള്ള തുണി വാങ്ങി തീർഥാടകർക്കുള്ള തോൾസഞ്ചികളും ഒരുക്കി.