കോഴിക്കോട്: കൂത്തുപറമ്പ് ആറാം മൈലിൽ ബസും സിഎന്‍ജി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ഉയർത്തുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ് (Accident CNG Autorickshaw Exploded). അമിതവേഗത്തിൽ എത്തിയ ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓട്ടോറിക്ഷ മറിയുകയും തൽക്ഷണം പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു.
പെട്ടെന്ന് തീ പടർന്നതിനാൽ തന്നെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇരുവരെയും രക്ഷിക്കാനും കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് സിലിണ്ടറിൻ്റെ നോബ് തകർന്ന് അമിതമായി പുറത്തേക്ക് പ്രവഹിച്ച ഗ്യാസിൽ തീപ്പൊരിയോ അമിതമായ താപമോ ഏറ്റതാവാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സിഎൻജി സിലിണ്ടർ തകർന്നിട്ടില്ല. അതേ സമയം ഓട്ടോറിക്ഷയിൽ തീപിടിത്തത്തിന് ആക്കം കൂട്ടുന്ന എന്തെങ്കിലും ഉണ്ടായിരുന്നോ എന്നതും ശാസ്ത്രീയ പരിശോധന ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. അവിടെയും ഉയരുന്ന ചോദ്യം, ഏറ്റവും സുരക്ഷിതമാണെന്ന് കരുതുന്ന സിഎൻജി അപകടമുണ്ടാക്കുമോ എന്നതാണ്.
വായുവിനേക്കാൾ സാന്ദ്രത കുറവാണ് സിഎൻജിക്ക് (Compressed Natural Gas) ചോർച്ച ഉണ്ടായാൽ പെട്ടെന്ന് തന്നെ അന്തരീക്ഷത്തിലേക്ക് ഉയർന്നു പോകും. അതുകൊണ്ട് തന്നെ പരമ്പരാഗത ഊർജത്തെക്കാൾ സുരക്ഷിതമാണിത്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് നിത്യ സംഭവമാണ്. എന്നാൽ സിഎൻജി വാഹനങ്ങൾക്ക് അങ്ങനെ അപകടമുണ്ടാകാൻ സാധ്യത കുറവാണെന്നാണ് നിലവിലെ കണ്ടെത്തൽ.
എന്നാൽ ഒരു വസ്‌തു അന്തരീക്ഷത്തിൽ കത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ താപനില നാച്ചുറൽ ഗ്യാസിന് കൂടുതലാണ്. പെട്രോൾ 246 ഫാരൻഹീറ്റ്, ചാർക്കോൾ 309, ഉണങ്ങിയ പൈൻമരത്തടി 427, മീഥെയിൻ (നാച്ചുറൽ ഗ്യാസ്) 580 ഇങ്ങനെയാണത്. അതുകൊണ്ട് തന്നെ സിഎൻജി ചോർച്ച സംഭവിച്ചാൽ മർദ്ദ ഭാരം കൊണ്ട് അതിവേഗം തീപിടിക്കും. ഓക്‌സിജനും തീപ്പൊരി/അമിത താപം തീഗോളമുണ്ടാക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ചോർച്ചക്ക് സാധ്യത വളരെ വിരളമാണെന്നത് അപകടത്തിൻ്റെ തോതും കുറക്കുന്നു.