കോഴിക്കോട്: റാഗിങ്ങിനെ തുടർന്ന് പഠനം ഉപേക്ഷിച്ച വിദ്യാർഥിനിക്ക് സഹായ വാഗ്ദാനവുമായി ആർഎംപി. പഠനം ഉപേക്ഷിച്ച വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റ് കോളജ് അധികൃതർ തിരിച്ച് നൽകാത്ത സംഭവത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി ആർഎംപി. വാർത്ത ഇടിവി ഭാരത് പുറത്തുകൊണ്ടുവന്നതോടെയാണ് ആർഎംപി വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചത്.
റാഗിങ്ങിനെ തുടർന്ന് പഠനം ഉപേക്ഷിച്ച വിദ്യാർഥിക്ക് സഹായവുമായി ആർഎംപി - ശ്രീനിവാസൻ കോളേജ്
വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റ് കോളജ് അധികൃതർ തിരിച്ച് നൽകാത്ത സംഭവത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന് ആർഎംപി
തമിഴ്നാട് പേരമ്പല്ലൂർ ശ്രീനിവാസൻ കോളജ് ഓഫ് നഴ്സിങ്ങിലെ റാഗിങ് മൂലം പഠനം ഉപേക്ഷിച്ച കോഴിക്കോട് ചേളന്നൂർ ഹരിവത്സത്തിൽ പി ഷാജിയുടെയും കെ എം ജീവിഷയുടെയും മകൾ ആതിരയുടെ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളാണ് കോളജ് അധികൃതർ തടഞ്ഞു വെച്ചിരിക്കുന്നത്. മൂന്ന് മാസം മാത്രം കോളജിൽ പഠിച്ച ആതിരയോട് നാല് വർഷത്തെ ഫീസ് ആയ അഞ്ച് ലക്ഷം രൂപ മുഴവനായി അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകുകയുള്ളുവെന്നാണ് കോളജ് അധികൃതർ പറയുന്നത്.
ആതിരയുടെ തുടർപഠനത്തിന് ആവശ്യമായ നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും വിഷയത്തിൽ പ്രത്യക്ഷ സമരവുമായി ആർഎംപി രംഗത്തിറങ്ങുമെന്നും ആതിരയുടെ വീട് സന്ദർശിച്ച ശേഷം റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി കൺവീനർ ടി കെ സിബി അറിയിച്ചു. സംഭവം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. റവല്യൂഷണറി യൂത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ജോയിന്‍റ് കൺവീനർ മനീഷ് വള്ളിക്കാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖിൽ, പ്രദീപ്, ആർഎംപി ജില്ലാ കമ്മിറ്റി അംഗം ജിജിത് സോമൻ എന്നിവരടങ്ങുന്ന സംഘമാണ് ആതിരയുടെ വീട് സന്ദർശിച്ചത്.