കോഴിക്കോട് :എൽജെഡി - ആർജെഡി ലയന സമ്മേളനം ഒക്‌ടേബർ 12ന് നടക്കാനിരിക്കെ സംസ്ഥാന ആർജെഡി പുതിയ പാർട്ടി രൂപീകരിച്ചു (RJD State Committee Announces New Party). 'നാഷണൽ ജനതാദൾ' എന്നാണ് പേര് (New Party National Janata Dal). പുതിയ പതാകയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ യുഡിഎഫിനൊപ്പമാണ് നിലവിൽ പാർട്ടി പ്രവർത്തിക്കുന്നത്. എം വി ശ്രേയാംസ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എൽജെഡി ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ (Lalu Prasad Yadav) നേതൃത്വത്തിലുള്ള ആർജെഡിയിൽ ലയിക്കുമ്പോൾ കേരളത്തിൽ ആർജെഡിയെന്ന പേര് എൽജെഡി വില കൊടുത്ത് വാങ്ങുകയാണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജോൺ ജോൺ പ്രതികരിച്ചു. ദേശീയ ജനറൽ സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് ലാലുവിന്‍റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും എം വി ശ്രേയാംസ് കുമാറും ലയനം പ്രഖ്യാപിച്ചതെന്നും നാഷണൽ ജനതാദൾ ആരോപിച്ചു.
കേരളത്തിൽ യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്നും നാഷണൽ ജനതാദൾ (National Janata Dal) സംസ്ഥാന ജനറൽ കൗൺസിൽ പ്രഖ്യാപിച്ചു. ലയനം അംഗീകരിക്കാനാവാത്ത സാഹചര്യത്തിലും ആർജെഡിയുടെ ദേശീയ നേതൃത്വം സംസ്ഥാന കമ്മറ്റിയെ കൈവിട്ടതിലുമുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നിലവിലുള്ള ആർജെഡി കേരള ഘടകം നാഷണൽ ജനതാദൾ എന്ന പുതിയ സംഘടന സംവിധാനത്തിന് രൂപം നൽകിയത്. ലയനത്തെ കുറിച്ച് എം വി ശ്രേയാംസ് കുമാർ (M V Shreyams Kumar) സംസ്ഥാന ആർജെഡി നേതൃത്വത്തോട് ചർച്ച നടത്താത്തതും അവരെ ചൊടിപ്പിച്ചു.