കോഴിക്കോട് :റിഫയുടെ മരണത്തിന് തൊട്ടുമുൻപ് ഭർത്താവ് മെഹ്നു മർദിക്കുന്നത് നേരിൽ കണ്ട റൂമിലുണ്ടായിരുന്ന വ്യക്തിയെ ദുബായിൽ പൊലീസ് ചോദ്യം ചെയ്‌തിരുന്നുവെന്ന് മാതാവ് ഷെറീന എം.പി. അയാളിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്നും മാതാവ് പറയുന്നു.
നാട്ടിൽ വന്നതിന് ശേഷം മെഹ്നു വരികയോ അന്വേഷിക്കുകയോ ചെയ്‌തിട്ടില്ല. പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ മാത്രമാണ് മെഹ്നു പുറത്തുവരുന്നതെന്നും ഷെറീന പറഞ്ഞു. നേരത്തെയും റിഫയെ മെഹ്നു മർദിക്കാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുമ്പ് വടി കൊണ്ട് മർദിച്ചു. സ്വന്തം ഇഷ്‌ടപ്രകാരം നടന്ന വിവാഹമായതിനാലാണ് റിഫ എല്ലാം സഹിച്ചുനിന്നതെന്നും ഷെറീന ഇടിവി ഭാരതിനോട് പറഞ്ഞു.
'റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; മുൻപും മർദിക്കാറുണ്ടായിരുന്നു, റിഫ എല്ലാം സഹിച്ചു': പ്രതികരിച്ച് കുടുംബം Also Read: 'റിഫയെ മർദിച്ച് അവശയാക്കിയിരുന്നു, നേരിൽ കണ്ട വ്യക്തിയെക്കുറിച്ച് ഇപ്പോള്‍ വിവരമില്ല' ; വെളിപ്പെടുത്തി അഭിഭാഷകന്‍
റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് പിതാവ് റാഷിദ് പറഞ്ഞു. വിവാഹത്തിന് മുൻപ് മെഹ്നു ടൗണിലെ മാളിൽ വച്ച് പരസ്യമായി റിഫയെ തല്ലുകയും ഫോൺ എറിഞ്ഞ് തകർക്കുകയും ചെയ്‌തിരുന്നു. കൂടെ പഠിച്ചയാളുമായി സംസാരിച്ചതിനായിരുന്നു അത്. അതിനുശേഷം ഭീഷണിപ്പെടുത്തിയിരുന്നു. മെഹ്നു കഞ്ചാവ് വലിക്കുന്നതും മദ്യപിക്കുന്നതും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും റാഷിദ് പറഞ്ഞു. സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.