കോഴിക്കോട്: പെരുവണ്ണാമുഴി ഡാമിനടുത്തെ വട്ടക്കയത്ത് കടുവയെ കണ്ടെന്ന് നാട്ടുകാരൻ. കടുവയ്‌ക്കായി വനപാലകര്‍ തെരച്ചില്‍ ശക്തമാക്കി. രാത്രി പട്രോളിങിന് പ്രത്യേക സംഘത്തെയും സ്ഥലത്ത് നിയോഗിച്ചു.
ഇന്ന് പുലർച്ചെ നാലരയോടെയാണ് കടുവയെ കണ്ടെന്ന് ടാപ്പിങ് തൊഴിലാളി വനപാലകരെ അറിയിച്ചത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ ടാപ്പിങിന് പോകുന്ന വഴിയാണ് കടുവയെ കണ്ടതെന്നും ഇയാള്‍ മൊഴി നൽകി. ബൈക്കിന്‍റെ വെളിച്ചത്തിൽ ദൂരെ കണ്ടത് മഞ്ഞവരയുള്ള മൃഗമാണെന്നതാണ് മൊഴി.
ഉയരത്തിന്‍റെ കാര്യത്തിൽ പക്ഷേ സംശയവുമുണ്ട്. വെളിച്ചം കണ്ടതോടെ റോഡരികിലെ ചെറു വനത്തിലേക്ക് മൃഗം കയറി പോയെന്നുമാണ് ടാപ്പിങ് തൊഴിലാളി പറഞ്ഞത്. ഇതോടെയാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി റോഡിന് ഇരുവശമുള്ള കാട്ടിലും റബ്ബർ തോട്ടത്തിലും പരിശോധന നടത്തിയത്.
എന്നാൽ, കടുവയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ എവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാട്ടുപോത്ത്, കാട്ടുപൂച്ച, മലമാന്‍ തുടങ്ങിയവയുടെ വിഹാര കേന്ദ്രം കൂടിയാണ് ഈ പ്രദേശം. വനപ്രദേശം കൂടുതലുണ്ടായ സമയത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നു.
എന്നാൽ, ഇടക്കാലത്തൊന്നും ഇവയെ കണ്ടിട്ടില്ല എന്നാണ് പ്രദേശവാസികൾ വനപാലകരെ അറിയിച്ചത്. ടാപ്പിങ് തൊഴിലാളികൾ അടക്കം നിരവധി പേർ താമസിക്കുന്ന പ്രദേശം കൂടിയാണ് വട്ടക്കയം. ഇതിനോട് ചേർന്ന് കിടക്കുന്ന പന്നിക്കോട്ടൂർ വനമേഖല വഴി വന്യജീവികൾ ഈ പ്രദേശത്തേക്ക് എത്താനുള്ള സാധ്യതയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.
സംശയം ഉയർന്ന സാഹചര്യത്തിൽ രാത്രിയും പരിശോധന തുടരാനാണ് വനപാലകരുടെ തീരുമാനം. ഇതിനായി പ്രത്യേക സംഘത്തെയും പ്രദേശത്ത് നിയോഗിച്ചു. എന്ത് വിവരം ലഭിച്ചാലും അത് കൃത്യമായി ഫോറസ്റ്റ് വിഭാഗത്തെ അറിയിക്കാൻ നാട്ടുകാർക്കും നിർദേശം നൽകി.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബിജു കെ വി, ഡെപ്യൂട്ടി ആർ.ഒ ബൈജുനാഥ് എന്നിവർ സ്ഥലത്തെത്തിയാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.