കോഴിക്കോട്: പ്രശസ്ത കായിക പരിശീലകൻ ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാർ അന്തരിച്ചു. 89 വയസായിരുന്നു. വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. പി.ടി. ഉഷയെ പരിശീലിപ്പിച്ചതിലൂടെയാണ് നമ്പ്യാർ പ്രസിദ്ധനായത്. മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്കാരം 1985 ൽ ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു. കായികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021 ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു.
1935-ൽ ജനിച്ച നമ്പ്യാർ കോളജ് ജീവിതകാലത്ത് തന്നെ മികച്ച കായികതാരമായിരുന്നു. ഗുരുവായൂരപ്പൻ കോളജിൽ പഠനം പൂർത്തിയാക്കിയ നമ്പ്യാർ പ്രിൻസിപ്പലിന്‍റെ ഉപദേശത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്. 1955ല്‍ വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സർവീസസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തു.