കോഴിക്കോട് :അടിമുടി മാറ്റത്തോടെ സഞ്ചാരികളെ വരവേൽക്കാൻ കോഴിക്കോട് ബീച്ച് ഒരുങ്ങി. നവീകരിച്ച ബീച്ച് വ്യാഴാഴ്‌ച പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ജില്ല ഭരണകൂടത്തിന്‍റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലായിരുന്നു നവീകരണം.
അണിഞ്ഞൊരുങ്ങി കോഴിക്കോട് ബീച്ച്
മലബാറിന്‍റെ ചരിത്രത്തിലെ നിര്‍ണായക ഇടമായ കോഴിക്കോട് കടപ്പുറത്തിന്‍റെ മൊഞ്ച് കൂട്ടുകയെന്ന ലക്ഷ്യത്തോടെ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സൗത്ത് ബീച്ച് മുതല്‍ വടക്ക് ഫ്രീഡം സ്ക്വയര്‍ വരെയാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നത്.
രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ് സോളസ് ആന്‍റ് സൊലൂഷനുമായി ചേര്‍ന്ന് ഡി.ടി.പി.സി നടത്തിയ വികസനം. സൗത്ത് ബീച്ചിന്‍റെ ചുവരുകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകും.
ബഷീര്‍ മുതൽ പപ്പു വരെ
കോഴിക്കോടിന്‍റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്‍റെ ചുമരുകളിലുള്ളത്.