കോഴിക്കോട്: അടിമുടി മാറ്റത്തോടെ സഞ്ചാരികളെ വരവേൽക്കാൻ തയ്യാറായി കോഴിക്കോട് ബീച്ച്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം നിർവഹിച്ച് കോഴിക്കോട് ബീച്ചിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടൂറിസം മേഖലയിൽ വലിയ കുതിച്ചു ചാട്ടം ലക്ഷ്യം വെച്ചാണ് കോഴിക്കോട് ബീച്ച് നവീകരണം നടത്തിയിരിക്കുന്നത്. ടൂറിസം മേഖലയിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് മാസ് വാക്സിനേഷൻ നൽകാനുള്ള പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും ഉദ്‌ഘാടന വേളയിൽ മന്ത്രി പറഞ്ഞു.
വ്യത്യസ്‌തങ്ങളായ മുഖങ്ങളാണ് കോഴിക്കോട് ബീച്ചിന് ഓരോ തവണയും ഉള്ളതെന്നും മലബാറിന്‍റെ ടൂറിസം മേഖലയുടെ വളർച്ചയിൽ കോഴിക്കോടിന് ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ഉദ്‌ഘാടന വേളയിൽ മന്ത്രി അഭിപ്രായം പങ്കുവച്ചു. ബീച്ചിന്‍റെ പുതിയ മുഖത്തിനായി പ്രയത്നിച്ച ജില്ലാ ഭരണകൂടത്തെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയും മന്ത്രി അഭിനന്ദിച്ചു.
അണിഞ്ഞൊരുങ്ങി കോഴിക്കോട് ബീച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ
കോഴിക്കോടിന്‍റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ.പൊറ്റക്കാട്, എം.എസ്.ബാബുരാജ്, എം.ടി.വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്‍റെ ചുമരുകളിലുള്ളത്. മിശ്കാൽ പള്ളിയും കുറ്റിച്ചിറയും തകർന്ന കടൽപ്പാലവും ഉരു നിർമ്മാണവും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരിൽകാണുന്ന പോലെ കാഴ്‌ചക്കാർക്ക് ചിത്രങ്ങളിലൂടെ കാണാൻ സാധിക്കും.
കൂറ്റൻ ചെസ് ബോർഡും, പാമ്പും കോണിയും
മരത്തടിയിലുള്ള ചവറ്റുകുട്ടകൾ ബീച്ചിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിരിക്കുന്നു. ശിലാസാഗരം ബീച്ചിലെ ഭീമൻ ചെസ് ബോർഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നവയാണ്.
പൗരാണികത വിളിച്ചോതി
വിദേശ സഞ്ചാരികൾ വിരുന്നെത്തുന്ന രാജ്യങ്ങളിൽ ആ നാടിന്‍റെ സംസ്കാരവും സംസ്കൃതിയും വിളമ്പരപ്പെടുത്തുന്ന ചിത്രകലകളും ശില്പങ്ങളും കാണാൻ കഴിയും. അത്തരം ഹൃദയഹാരിയായ ഒരു അനുഭവം സൗത്ത് ബീച്ചിലെത്തുന്ന സഞ്ചരികൾക്കും ലഭ്യമാക്കുക എന്നതാണ് ജില്ല ഭരണകൂടവും ഡി.ടി.പി.സിയും കോർപറേഷനും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോടിന്‍റെ പൗരാണിക പ്രൗഢിയുടെ തനിമ ചോരാതെ പുതിയ തലമുറയ്ക്ക് ലഭ്യമാകുന്ന നിർമിതികൾക്ക് ഇനിയും ഇവിടെ സ്ഥാനമുണ്ട്. വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി പുതിയ വികസന പദ്ധതികൾക്ക് സർക്കാർ രൂപരേഖ തയ്യാറാക്കുന്നുണ്ട്. സഞ്ചാരികൾക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കുന്നതോടൊപ്പം മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുൽത്തകിടികളും ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.
READ MORE:ബഷീറും, ചെസ് ബോര്‍ഡും, സെല്‍ഫി പോയിന്‍റും ; മൊഞ്ച് കൂട്ടി സഞ്ചാരികളെ കാത്ത് കോഴിക്കോട് ബീച്ച്