കോഴിക്കോട് : ചെറു പ്രായത്തിൽ തന്നെ ഒരു നഗരസഭയുടെ ബ്രാൻഡ് അംബാസിഡർ പദവിയിലെത്തി ശ്രദ്ധേയയായ റെന ഫാത്തിമ ഇപ്പോൾ വീണ്ടും താരമായിരിക്കുകയാണ്. നവകേരള സദസിന്‍റെ ഭാഗമായുള്ള പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഒപ്പം പങ്കെടുക്കാന്‍ അവസരം ലഭിച്ച 50 വിശിഷ്‌ട അതിഥികളിൽ ഒരാളാവുക എന്നത് ചെറിയ കാര്യമല്ല (Mukkam Municipality brand ambassador Rena Fathima at Nava Kerala Sadas).
അങ്ങനെ അതിഥിയാവാൻ ലഭിച്ച ഭാഗ്യമാണ് റെന ഫാത്തിമയെ വീണ്ടും താരപദവിയിലേക്ക് എത്തിച്ചത്. തന്നെപ്പോലെയുള്ള കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന ആവശ്യവുമായാണ് റെന ഫാത്തിമ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കാണാൻ എത്തിയത് (little Swimming star Rena Fathima at Nava Kerala Sadas as guest). തോട്ടുമുക്കം ഗവൺമെന്‍റ് യുപി സ്‌കൂളിലെ യുകെജി വിദ്യാർഥിനി റെന ഫാത്തിമ നീന്തൽ ഗുരുകൂടിയായ വല്ല്യുമ്മ റംല മനാഫിനൊപ്പം ആണ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കാണാൻ എത്തിയത്.
നവ കേരള സദസിൽ ഇങ്ങനെയൊരു അതിഥി എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മന്ത്രിമാർ ഓരോരുത്തരും ഏറെ ലാളനയോടെയാണ് റെന ഫാത്തിമയെ സ്വീകരിച്ചത്. നീന്തൽ അറിയാതെ മുങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാമത്തെ വയസിൽ തന്നെ പുഴയിൽ നീന്തി വലിയ ആളുകൾക്കും കുട്ടികൾക്കും നീന്തൽ പഠിക്കാൻ പ്രചോദനം നൽകി, എല്ലാവർക്കും റോൾ മോഡൽ ആകാൻ പറ്റിയ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു അവസരം റെനയ്‌ക്ക് ലഭിച്ചത്.