നാല് വയസ്സുകാരി റെന ഫാത്തിമ നീന്തിക്കയറി മുക്കം നഗരസഭയുടെ ബ്രാൻഡ് അംബാസിഡറായി കോഴിക്കോട്: നാലു വയസ്സിൽ ഒരു നഗരസഭയുടെ ബ്രാൻഡ് അംബാസിഡർ പദവിയിലെത്തുക എന്നത് ഒരു ചെറിയ കാര്യമല്ല. എന്നാൽ കോഴിക്കോട് മുക്കം നഗരസഭയുടെ 'നീന്തി വാ മക്കളെ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ പദവിയിലെത്തിയത് ഒരു നാല് വയസ്സുകാരിയാണ്...
മൂന്നാം വയസ്സിൽ കുലംകുത്തി ഒഴുകുന്ന ചാലിയാറിന്റെ കൈവഴിയായ ചെറുപുഴയിൽ നീന്തി തുടിച്ച് വിസ്മയം തീർത്ത തോട്ടുമുക്കംകാരി റെന ഫാത്തിമയാണ് ഇനി മുക്കം നഗരസഭയുടെ ബ്രാൻഡ് അംബാസിഡർ.
ലോക നീന്തൽ ദിനമായ ഒക്ടോബർ 28നാണ് ഈ പദവി റെന ഫാത്തിമക്ക് നൽകുന്നത്. മുങ്ങി മരണങ്ങൾ തുടർക്കഥയാവുന്ന ഈ കാലത്ത് നിരവധി പേർക്ക് ഉപകാരപ്രദമായ നഗരസഭയുടെ പദ്ധതിയാണ് 'നീന്തി വാ മക്കളെ'. മൂന്നാം വയസ്സിൽ പിതാവിന്റെ ഉമ്മ റംലയ്‌ക്കൊപ്പം പുഴയിൽ കുളിക്കാൻ പോയാണ് നീന്തൽ പഠിച്ചത്. പിന്നെ ഗുരുവിനെ പോലും തോൽപ്പിക്കുന്ന വിധത്തിലായി റെനയുടെ നീന്തൽ.
മാധ്യമപ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാനയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് റെന ഫാത്തിമ. തോട്ടുമുക്കം ഗവൺമെൻറ് യു.പി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ് മുക്കത്തിന്‍റെ ബ്രാൻഡ് അംബാസിഡർ.