കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിക്കെതിരെ മകന്‍റെ മൊഴി. റോയ് തോമസിന്‍റേത് ഉൾപ്പടെ ആറു കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയതായി റെമോ റോയ് മൊഴി നല്‍കി. തന്‍റെ പിതാവിന്‍റെ അമ്മയെ ആട്ടിൻ സൂപ്പിൽ വിഷം ചേർത്തും മറ്റുളളവരെ ഭക്ഷണത്തിലും വെളളത്തിലും സയനൈഡ് ചേർത്തുമാണ് ജോളി കൊലപ്പെടുത്തിയെന്നുമാണ് റെമോയുടെ മൊഴി.
സയനൈഡ് എത്തിച്ച് നൽകിയത് ഷാജി എന്ന എം എസ് മാത്യു ആണെന്ന് അമ്മ കുറ്റസമ്മതം നടത്തിയിരുന്നതായും റെമോ റോയ് പറഞ്ഞു. കോഴിക്കോട് സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതിയിലെ വിചാരണക്കിടെയാണ് റെമോ റോയിയുടെ നിർണായക മൊഴി. എൻഐടിയിൽ അധ്യാപികയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോകുന്ന ജോളി അടുത്തുള്ള ബ്യൂട്ടി പാർലറിലും ടൈലറിങ് ഷോപ്പിലും പോയി ഇരിക്കുകയായിരുന്നു. ജോളിയുടെ മൊബൈൽ ഫോൺ പൊലീസിന് കൈമാറിയത് താനാണെന്നും റെമോ മൊഴി നൽകി. കേസിലെ മൂന്നാം സാക്ഷിയായ റെമോ റോയിയുടെ ക്രോസ് വിസ്‌താരം ഇന്ന് തുടങ്ങും.
14 വര്‍ഷം, കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേര്‍:കേരളത്തില്‍ കോളിളക്കം സൃഷ്‌ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ 2019 ഒക്‌ടോബര്‍ അഞ്ചിനാണ് ഒന്നാം പ്രതി ജോളി അറസ്റ്റ് ചെയ്യപ്പെട്ടത്. 14 വര്‍ഷത്തിനിടെ നടന്ന കൊലപാതക പരമ്പരയില്‍ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. 2002 മുതല്‍ 2016 വരെയാണ് കൊലപാതകങ്ങള്‍ നടന്നത്.
കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ കുടുംബത്തിലെ ആറ് പേരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും ജോളി കൊല്ലുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2011 ല്‍ ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയ് തോമസ് മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് റോയിയുടെ ബന്ധു ജേസഫ് ഹിലാരിസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ റോയ് ആത്‌മഹത്യ ചെയ്‌തതാണ് എന്ന നിഗമനത്തിലായിരുന്നു പൊലീസ്.
2019ല്‍ റോയിയുടെ സഹോദരന്‍ റോജോ തോമസ് വീണ്ടും പരാതി നല്‍കിയതോടെയാണ് കേസിന്‍റെ നിജസ്ഥിതി വെളിച്ചത്ത് വന്നത്. അന്നത്തെ വടകര റൂറല്‍ എസ്‌പി കെജി സൈമണ്‍ ആയിരുന്നു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. പിന്നാലെ കുടുംബത്തിലെ ആറു പേരുടെ മരണത്തിലെ ദുരൂഹത തേടി ക്രൈംബ്രാഞ്ചും എത്തി. കോടഞ്ചേരി സെന്‍റ് മേരീസ് ഫെറോന പള്ളിയിലെ കല്ലറ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു. ഇതോടെ മരണങ്ങളെല്ലാം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.
ഇതിനിടെ ആറ് കൊലപാതകങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ജോളി ഏറ്റുപറഞ്ഞതായി അയല്‍വാസിയും അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. കല്ലറകള്‍ തുറന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയ ദിവസമാണ് ജോളി കുറ്റസമ്മതം നടത്തിയത് എന്ന് അയല്‍ക്കാരനായ എന്‍പി മുഹമ്മദ് പറഞ്ഞു. കല്ലറ തുറന്ന് പുറത്തെടുത്ത അന്നമ്മ തോമസ്, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവശിഷ്‌ടങ്ങളായിരുന്നു പരിശോധിച്ചത്. എന്നാല്‍ മൃതദേഹ അവശിഷ്‌ടങ്ങളില്‍ വിഷത്തിന്‍റെയോ സയനൈഡിന്‍റെയോ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് വന്നിരുന്നു.