ഓണത്തിന്റെ പഞ്ചസാര വിതരണം അനിശ്ചതത്വത്തില്‍ - ഓണത്തിന്‍റെ പഞ്ചസാര ഇത്തവണയില്ല
അത്തം തുടങ്ങിയിട്ടും പഞ്ചസാരയുടെ വിതരണത്തെ കുറിച്ച് അറിയിപ്പ് ലഭിക്കാത്തതിനാൽ ഇത്തവണ പഞ്ചസാര വിതരണം ഉണ്ടാവാനിടയില്ലെന്ന് റേഷൻ വ്യാപാരികൾ
കോഴിക്കോട്:സംസ്ഥാനത്ത് എല്ലാ ഓണക്കാലത്തും റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്ന പ്രത്യേക പഞ്ചസാര ഇത്തവണ വിതരണം ചെയ്യുന്ന കാര്യത്തിൽ തീരുമാനമായില്ല. എല്ലാ കാർഡ് ഉടമകൾക്കും ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇത്തവണ മുടങ്ങിയേക്കും. കഴിഞ്ഞ വർഷം വരെ പതിവ് തെറ്റാതെ ഓണത്തിന് ഒരു കിലോ പഞ്ചസാര വിതരണം ചെയ്ത റേഷൻ വ്യാപാരികൾക്ക് ഇത്തവണ ഇതേക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ല. അത്തം തുടങ്ങിയിട്ടും പഞ്ചസാരയുടെ വിതരണത്തെ കുറിച്ച് അറിയിപ്പ് ലഭിക്കാത്തതിനാൽ ഇത്തവണ സ്പെഷ്യൽ പഞ്ചസാര വിതരണം ഉണ്ടാവാനിടയില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. ജനങ്ങൾക്ക് ഉപകാരപ്പെടും വിധത്തിൽ പഞ്ചസാര വിതരണം ചെയ്യണമെങ്കിൽ ഈ മാസം അഞ്ചാം തിയതിക്ക് മുമ്പ് റേഷൻ എത്തണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.