കോഴിക്കോട്: കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്‌മാരക സമിതി മുൻസെക്രട്ടറിയും വർത്തമാനം ദിനപത്രം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും വര പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപരുമായിരുന്ന റസാഖ് പയമ്പ്രാട്ടിനെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാസ്‌റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് ഭരണസമിതിയെ ഇയാള്‍ സമീപിച്ചിരുന്നു.
ഇന്നലെ രാത്രി മരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. സിപിഎം നേതാവ് കൂടിയായ റസാഖ് പയമ്പ്രാട്ട് ഏതാനും മാസങ്ങളായി പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയുമായി കടുത്ത ഭിന്നതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള വിഷമാലിന്യം പരക്കുന്നതിനെതിരെ റസാഖ് പയമ്പ്രാട്ട് പരാതിയുമായി രംഗത്തുണ്ടായിരുന്നു.
വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ പുക ശ്വസിച്ചതാണ് തന്‍റെ സഹോദരന്‍റെ ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തിന്‍റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു.
ഫയലുകള്‍ കഴുത്തില്‍ കെട്ടി തൂക്കിയ നിലയില്‍: പഞ്ചായത്തിന് എതിരെ നൽകിയ പരാതികൾ ഉൾപെടെയുള്ള ഫയലുകൾ കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുളിക്കൽ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം ടിക്കറ്റിൽ മത്സരിച്ചിരുന്ന റസാഖ് പയമ്പ്രാട്ട് തന്‍റെ വീടും പുരയിടവും ഇ എം എസ് അക്കാദമിക്ക് ഇഷ്‌ടദാനം നൽകിയിരുന്നു
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്‌മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ.