കോഴിക്കോട് മണിയൂരിൽ കൗതുകമായി കൂറ്റൻ കടലാമ കോഴിക്കോട് : ആമയ്‌ക്ക് ഇത്ര വലിപ്പമോ... വഴി തെറ്റി എത്തിയ ആമയെ കണ്ട കൗതുകത്തിലാണ് ആളുകൾ. കഴിഞ്ഞ ദിവസം കുറ്റ്യാടിപ്പുഴയോട് ചേർന്ന തോട്ടിൽ കണ്ടെത്തിയ ഭീമൻ കടലാമ ഇപ്പോൾ കൊളാവിപ്പാലം ആമ വളർത്തുകേന്ദ്രത്തിൽ വിശ്രമത്തിലാണ്. മണിയൂർ പാലയാട് നടയിൽ നിന്നാണ് ഭീമൻ ആമയെ കണ്ടെത്തിയത്. (Rare green turtle found in Kozhikode Maniyur)
അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കാണാൻ പലരും വരുന്നുണ്ട്. കഴിഞ്ഞ ദിവസം മണിയൂർ പാലയാട് നടയിൽ നിന്നാണ് ഭീമൻ ആമയെ കണ്ടെത്തിയത്. കുറ്റ്യാടിപ്പുഴയോട് ചേർന്ന തോടാണിത്. കടലിൽ കഴിയുന്ന ആമ എങ്ങനെ തോട്ടിലെത്തി എന്നതും ചിന്തിക്കേണ്ട വിഷയമാണ്. ഒന്നുകിൽ മുട്ടയിടാൻ, അല്ലെങ്കിൽ പരുക്കുപറ്റിയാലാണ് ആമ ഇങ്ങനെ എത്തുക എന്നാണ് പറയപ്പെടുന്നത്.
പ്രത്യക്ഷത്തിൽ ആമയ്‌ക്ക് വലിയ പരിക്കില്ല, കൂടുതൽ അറിയണമെങ്കിൽ ഡോക്‌ടർ വരണം. വനം വകുപ്പിൻ്റെ കീഴിലായതുകൊണ്ട് അതിന് അവർ കനിയണം. തോട്ടിൽ തിരയിളക്കം കണ്ടപ്പോൾ ആദ്യം ചീങ്കണ്ണിയെന്ന് നാട്ടുകാർ കരുതി. അതോടെ ആളുകൾക്ക് ഭയമായി. പിന്നീട് പരിസരവാസികളായ നാലുപേർ ചേർന്നാണ് 90 കിലോയ്ക്കടുത്ത് ഭാരമുള്ള ആമയെ കരയ്‌ക്കെത്തിച്ചത്.
കൊളാവിപ്പാലം ആമ പരിപാലന കേന്ദ്രത്തിലെ പ്രവർത്തകർ എത്തി ഇങ്ങോട്ട് കൊണ്ടുവരികയായിരുന്നു. 'ഒലിവ് റിഡ്ലി' (Olive ridley sea turtle) വിഭാഗത്തിലുള്ള കടലാമകളെയാണ് ഈ പ്രദേശത്ത് കൂടുതലായും കാണാറുള്ളത്. എന്നാൽ പുതിയ അതിഥി 'ഗ്രീൻ ടർട്ടിൽ' (Green turtle) ആണോ അതോ 'ഹോക്‌സ്‌ബിൽ' (Hawksbill sea turtle) ആണോ എന്ന സംശയത്തിലായിരുന്നു ആമ കേന്ദ്രം നടത്തിപ്പുകാർ. എന്നാൽ ഒടുവിൽ 'ലോഗർഹെഡ്' കടലാമയാണ് (Loggerhead sea turtle) ഇതെന്ന് വിദഗ്‌ധോപദേശം കിട്ടി.
ലോഗർഹെഡ് കടലാമ : ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു സമുദ്ര ആമയുടെ ഇനമാണിത്. ചെലോനിഡേ കുടുംബത്തിൽ പെട്ട ഒരു കടൽ ഉരഗമാണിവ. ചർമ്മത്തിന് മഞ്ഞ മുതൽ തവിട്ട് വരെ നിറമുണ്ട്, പുറം തൊലി സാധാരണയായി ചുവപ്പ് കലർന്ന തവിട്ട് നിറമായിരിക്കും.
Also read:Golden Turtle| കുളത്തിൽ നിന്ന് ലഭിച്ചത് അപൂർവ 'സ്വർണ' ആമയെ; കാണാനായി ഓടിക്കൂടി നാട്ടുകാർ
അറ്റ്ലാന്‍റിക്, പസഫിക്, ഇന്ത്യൻ മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ വിഭാഗം കാണപ്പെടുന്നത്. നിലവിൽ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന ആമയെ എത്രയും പെട്ടെന്ന് കടലിലേക്ക് അയക്കുന്നതാണ് ഉത്തമമെന്ന് വിദഗ്‌ധർ പറയുന്നു. വനം വകുപ്പിൻ്റെ ഉത്തരവ് കിട്ടിയാൽ ഈ ഭീമൻ ആമ കടലിലേക്ക് തന്നെ യാത്രയാകും.