കോഴിക്കോട്:വടക്കൻ പാട്ടിൽ പൊതുവെ പുരുഷ കഥാപാത്രങ്ങളേക്കാൾ സ്ത്രീകൾക്കാണു തിളക്കം. തന്‍റേടവും അഭിപ്രായ സ്വാതന്ത്ര്യവും ആത്മാഭിമാനവും ഉള്ള സ്ത്രീകൾ പണ്ട് മുതൽക്ക് തന്നെ തങ്ങളുടെ സ്വത്വം രേഖപ്പെടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് വടക്കൻ പാട്ടുകൾ. അതിനാല്‍ തന്നെ വടക്കൻപാട്ടിലെ സ്ത്രീ കഥാപാത്രങ്ങളെ മേക്ക് ഓവർ ചെയ്‌ത് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് വീട്ടമ്മമാരുടെ കൂട്ടായ്‌മയായ സ്ത്രീ ജ്വാല. കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തി പ്രദേശത്തെ സ്ത്രീ ജ്വാല പ്രവര്‍ത്തകരാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.
വടക്കന്‍ പാട്ടിലെ സ്‌ത്രീകള്‍ക്ക് പുനര്‍ജന്മം; വ്യത്യസ്‌തമായ ഫോട്ടോ ഷൂട്ടുമായി വീട്ടമ്മമാര്‍ - womens day special news
വീട്ടമ്മമാരുടെ കൂട്ടായ്‌മയായ സ്ത്രീ ജ്വാല പ്രവര്‍ത്തകരാണ് വടക്കന്‍ പാട്ടിലെ സ്‌ത്രീ കഥാപാത്രങ്ങളായി ഫോട്ടോ ഷൂട്ട് നടത്തിയത്
വടക്കൻപാട്ടിലെ സ്ത്രീ കഥാപാത്രങ്ങളായ ഉണ്ണിയാർച്ച, പൊന്നി, കുങ്കി, തുമ്പോലാർച്ച, കന്നി എന്നിവര്‍ ഇവിടെ പുനര്‍ജനിച്ചിരിക്കുകയാണ്. ഫോട്ടോഷൂട്ട് എന്തായാലും വ്യത്യസ്‌തമായ കാഴ്‌ചാനുഭവമാണ് സമ്മാനിക്കുന്നത്. ആയോധന കലയും നൃത്തകലയും സമന്വയിപ്പിച്ച് ദിവസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് ഫോട്ടോഷൂട്ട് നടത്തിയത്. മോഡലുകളായും പിന്നണിയിലുമായി സ്ത്രീ ജ്വാലയിലെ പത്തോളം വീട്ടമ്മമാർ പങ്കാളികളാവുകയും ചെയ്‌തു.
ആത്മധൈര്യവും തന്ത്രജ്ഞതയും ഉപയോഗിച്ച് പ്രതികൂല സാഹചര്യങ്ങളിൽ വിജയം നേടിയ വടക്കൻപാട്ടിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്രം പുനരാവിഷ്‌കരിക്കുമ്പോൾ ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണെന്ന് ഇവർ പറയുന്നു. സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും മോഡലുകൾക്കും മത്രമല്ല വീട്ടമ്മമാർക്കും ഫോട്ടോഷൂട്ടിൽ പങ്കാളികളാവാമെന്ന് ഈ വനിതാ കൂട്ടായ്‌മ തെളിയിക്കുന്നു. വിനീജ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ. മികച്ച രീതിയിൽ ഫോട്ടോഷൂട്ട് പൂർത്തിയാക്കാനായതിന്‍റെ സന്തോഷത്തിലാണ് ടീച്ചറും.