വത്സന്‍റെ വീട്ടിലെ 'സ്‌പെഷ്യല്‍ ഗസ്റ്റ്' കോഴിക്കോട് : ഒരു കൊക്ക് അതിഥിയായി വന്ന കഥയാണ്. കോഴിക്കോട് അത്തോളിക്കടുത്ത് വേളൂർ വയപ്പുറത്ത് വത്സന്‍റെ വീട്ടിലാണ് അഞ്ചുവർഷം മുമ്പ് ഒരു വെള്ള കൊക്ക് പറന്നെത്തിയത്. ഏക മകൾ വിവാഹം കഴിഞ്ഞ് ഗൾഫിലേക്ക് പോയപ്പോൾ വത്സനും ഭാര്യ സുഹിതയ്ക്കും കൂട്ടായി കിട്ടിയതാണ് ഈ കൊക്കിനെ.
സുഹിതയുമായി ചങ്ങാത്തമായതോടെ അവർ ഒരു പേരിട്ടു, 'വൈറ്റി'. നേരം വെളുക്കുമ്പോൾ തെങ്ങിന്‍റെ മുകളിലോ പറമ്പിന്‍റെ ഏതെങ്കിലും ഭാഗത്തോ ആളെത്തും. വൈറ്റീ എന്ന് നീട്ടി വിളിച്ചാൽ പറന്ന് വരാന്തയിൽ എത്തും. പിന്നാലെ അടുക്കളയിലേക്കും കയറും. ഫ്രിഡ്‌ജ് തുറക്കുന്നതോടെ ചിറകടിച്ച് സന്തോഷം പ്രകടിപ്പിക്കും.
ചിക്കന്‍ ഇഷ്‌ട വിഭവം, പക്ഷേ വേവിക്കരുത് : തനിക്ക് വേണ്ടി കരുതിയ ചിക്കനും മീനും ഫ്രിഡ്‌ജിൽ ആണെന്ന് കക്ഷിക്ക് നന്നായി അറിയാം. ചിക്കനോടാണ് കൂടുതൽ താത്‌പര്യം. സ്വതസിദ്ധമായ മീൻപിടിത്തം ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം മത്സ്യത്തോടത്ര താത്‌പര്യമില്ല വൈറ്റിയ്‌ക്ക്. പിന്നെ എല്ലാം പച്ചയ്ക്ക് കിട്ടണം, വേവിച്ചാൽ ഒന്നും കഴിക്കില്ല.
സ്വന്തം മക്കളെ നോക്കുന്നത് പോലെ സുഹിത വൈറ്റിക്ക് വേണ്ടതെല്ലാം കരുതിവയ്‌ക്കും. എല്ല് തീരെയില്ലാതെ ഇറച്ചിക്കഷണം ചെറുതാക്കി മുറിച്ചാണ് കൊടുക്കുന്നത്. പാത്രത്തിൽ നിന്ന് പുറത്തെടുക്കേണ്ട താമസമേയുള്ളൂ വൈറ്റി അത് അകത്താക്കും. വയറ് നിറഞ്ഞാൽ പിന്നെ വലിയ മൈൻഡ് ഒന്നും കാണില്ല, അലസ ഭാവമാണ്, പിന്നെ പറമ്പിലേക്ക് പോകും.
വീട്ടുകാർ കൂടെയുണ്ടെങ്കിൽ പറമ്പിലെ മേൽനോട്ടത്തിനൊക്കെ ഒപ്പമുണ്ടാകും. സന്ധ്യ ആകുന്നതോടെ പറന്നകലും. എവിടെയാണ് കൂടെന്നോ താമസമെന്നോ വീട്ടുകാർക്ക് നിശ്ചയമില്ല. പതിവുപോലെ പിറ്റേന്ന് രാവിലെയും എത്തിക്കോളും. ഇനി സ്വന്തം വർഗത്തിൽപ്പെട്ടവര്‍ ആരെങ്കിലും ആ വീട്ടിലേക്ക് വന്നാൽ കൊത്തി പറപ്പിക്കും. തന്‍റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാൻ വരാന്തയിൽ കയറി ഗമയോടെ ഇരിക്കും.
അതിനിടെ ഒന്ന് രണ്ട് ദിവസം വൈറ്റി വന്നിരുന്നില്ല. അതോടെ സുഹിതയ്ക്കും വത്സനും വലിയ ടെൻഷനായി. എന്നാൽ അതിനുമുമ്പത്തെ ഒരു ദിവസം വീട്ടിലെ സന്ദർശകനായ കരിമ്പൂച്ച വൈറ്റിയെ ഒന്ന് പിടിക്കാൻ നോക്കിയിരുന്നു. ഇതോടെയാണ് ഭയപ്പെട്ട് രണ്ടുദിവസം ചൊടിച്ച് മുങ്ങിയത്.
മഴക്കാലത്തെ പതിവ് യാത്ര : തുടർച്ചയായി ആറുമാസക്കാലം വരെ വൈറ്റി ഈ വീട്ടിലുണ്ടാകും. മഴക്കാലമാകുമ്പോൾ ഒരു പോക്കാണ്, കുറേ മാസം കക്ഷി ടൂറിൽ ആയിരിക്കും. അത് കഴിഞ്ഞ് വീണ്ടും എത്തും. വത്സനും സുഹിതയും ഗൾഫിലെ മകളുടെ അടുത്തേക്ക് പോയപ്പോൾ വീട് അടച്ചിട്ടിരുന്നു. കുറേ ദിവസം വീട്ടിലെത്തി വൈറ്റി അലഞ്ഞുതിരിഞ്ഞ് നടന്നു. പിന്നീട് ഇവർ നാട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ വൈറ്റിയും എത്തി.
അത്തോളി പ്രദേശത്തെ വളരെ പഴക്കം ചെന്ന ഒരു വീടാണിത്. 200 വർഷത്തിലേറെ പഴക്കമുള്ള ഈ വീട്ടിൽ കഴിഞ്ഞ 25 വർഷത്തോളമായി വത്സനും സുഹിതയും കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയാണ്. ഇപ്പോൾ മകളുടെ കുട്ടി നാട്ടിലെത്തിയതോടെ ഇവർക്ക് ഒരു കൂട്ടുകൂടിയുണ്ട്.
എന്നാൽ ആരൊക്കെ വന്നാലും എത്ര തിരക്കായാലും വൈറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ല. ഇനി എന്നാണ് വൈറ്റിയുടെ അടുത്ത ദേശാടനം എന്നതിൽ മാത്രമേ ഇവർക്ക് ടെൻഷനുള്ളൂ. ഏതാണ്ട് ഒരു മീറ്റർ വരെ വലിപ്പമുള്ള ഇവർ കൊക്ക്, കൊറ്റി, കൊച്ച എന്നീ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഉഷ്‌ണമേഖല പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈഗ്രറ്റ് വംശജരായ ഈ ജലപക്ഷികൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലാശയങ്ങൾക്കരികിലാണ് ഇവയുടെ വാസം.
ദാമ്പത്യജീവിതത്തിലും വളരെയധികം നിഷ്‌ഠ പാലിക്കുന്നവരാണ് ഇവർ. വർഷത്തിൽ ഒരിക്കൽ മാത്രം ഇണചേരുന്ന ഇവയ്ക്ക് ജീവിതത്തിൽ ഒരു ഇണ മാത്രമേ ഉണ്ടാവൂ എന്നതും വലിയ സവിശേഷതയാണ്. അങ്ങനെ ഒരു കുടുംബം എവിടെയോ ഉള്ളതുകൊണ്ടായിരിക്കാം ഇടക്കിടക്ക് വയപ്പുറത്ത് വീട്ടുകാരെ ഒഴിവാക്കി വൈറ്റി മുങ്ങുന്നത്.