കോഴിക്കോട്:മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പീഡനത്തിനിരയായ രോഗിയുടെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്തു. ഒരു നഴ്‌സിങ് അസിസ്‌റ്റന്‍റ്, ഒരു ഗ്രേഡ് - രണ്ട് അറ്റൻഡർ, മൂന്ന് ഗ്രേഡ് - ഒന്ന് അറ്റൻഡർമാർ എന്നിവരെയാണ് തിരിച്ചെടുത്തത്. ചികിത്സയിലായിരുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
നിലവില്‍ ജീവനക്കാര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതരുടെ നടപടി. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ പൊലീസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. അതേസമയം കേസിലെ പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ റിമാന്‍ഡിലാണ്.
പീഡിപ്പിച്ചത് മയക്കത്തിലായ യുവതിയെ:ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് മെഡിക്കല്‍ കോളജിലെ സ്‌ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അറ്റന്‍ഡറായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്‌തു. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് താത്‌കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരനാണ് ശശീന്ദ്രന്‍. എന്നാല്‍ പിന്നീട് ഇയാള്‍ ജോലിയില്‍ സ്ഥിരമാകുകയായിരുന്നു.
തൈറോയ്‌ഡ് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം മയക്കം പൂര്‍ണമായും വിട്ടൊഴിയാത്ത യുവതിയെ ഐസിയുവില്‍ എത്തിച്ചത് അറ്റന്‍ഡര്‍ ശശീന്ദ്രനായിരുന്നു. യുവതിയെ ഐസിയുവിലെത്തിച്ചതിന് പിന്നാലെ പുറത്ത് പോയ ഇയാള്‍ വീണ്ടും തിരികെയെത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഐസിയുവിലെ ജീവനക്കാരെല്ലാം ഗുരുതരാവസ്ഥയിലുള്ള മറ്റൊരു രോഗിയെ പരിചരിക്കാന്‍ പോയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. മയക്കം വിട്ടൊഴിഞ്ഞതിന് ശേഷം യുവതി കുടുംബത്തോട് വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.