കോഴിക്കോട് : സാമ്പത്തിക തട്ടിപ്പുകേസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ച കേസില്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടും നിയമ നടപടിയെടുത്തില്ലെന്ന് പരാതി. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയായ നഴ്‌സാണ് പരാതിയുമായി പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിയെ സമീപിച്ചത്. ഇന്നലെയാണ് (ജനുവരി 4) ഉദ്യോഗസ്ഥനെതിരെ യുവതി വീണ്ടും പരാതി നല്‍കിയത് (Rape Case Against Kozhikode cop).
2020ലാണ് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡനത്തിന് ഇരയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയക്കാരനായ ഹബീബ് എന്നയാള്‍ക്ക് യുവതി 40,000 രൂപ കടം നല്‍കിയിരുന്നു. ഒരു മണിക്കൂറിനകം പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് തുക കൈപ്പറ്റിയത്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കാന്‍ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ പൊലീസ് എയ്‌ഡ് പോസ്റ്റിലെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ യുവതിയോട് കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി കസബ സ്റ്റേഷനിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ എയ്‌ഡ് പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും കൂടെ പോയി. സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ യുവതിയുടെ മൊബൈല്‍ നമ്പര്‍ ഇയാള്‍ വാങ്ങിക്കുകയും ചെയ്‌തു (Kozhikode Rape Case).