കോഴിക്കോട്: ഒരു മാസം നീണ്ട നോമ്പു ദിനങ്ങൾക്ക് ശേഷം എത്തുന്ന ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് വിശ്വാസി സമൂഹം. വ്രതവിശുദ്ധിയിൽ മുഴുകിക്കഴിഞ്ഞ വിശ്വാസികൾ ഞായറാഴ്‌ച ശവ്വാൽ അമ്പിളി ദൃശ്യമായാൽ തിങ്കളാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്‌ചയായിരിക്കും പെരുന്നാൾ.
ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും കൊവിഡ് നിയന്ത്രണങ്ങൾ കാരണം നിറംമങ്ങിയ പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ഉള്ള ആഘോഷം ആണ് ഇത്തവണ. അതിനായി വിപണികളും സജീവമായി കഴിഞ്ഞു. പെരുന്നാൾ കോടി വാങ്ങാനായി കുടുംബങ്ങൾ ഒന്നിച്ച് എത്തിയതോടെ മിഠായി തെരുവിലെ വസ്ത്ര വ്യാപാര കടകളിലെല്ലാം നല്ല തിരക്കാണ്.
ചെരിപ്പ്, ഫാൻസി കടകളിലും റമദാന്‍റെ അവസാന ദിനങ്ങളിൽ കൂടുതൽ ഉപഭോക്താക്കൾ എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പുത്തൻതരത്തിലുള്ള മൈലാഞ്ചികളും വിപണിയിലെത്തിയിട്ടുണ്ട്. ഒപ്പം ഗ്രാമ-നഗര വ്യത്യാസമില്ലാതെ പലഹാരങ്ങളും പഴവർഗങ്ങളുടെയും വിപണിയും സജീവമായിട്ടുണ്ട്. ടൗണുകളിൽ വഴിവാണിഭത്തോടൊപ്പം നോമ്പുതുറ വിഭവങ്ങളുടെ വിൽപനയും ഏറെയാണ്.
ഒട്ടേറെ ഇനങ്ങളാണ് നോമ്പുതുറ വിഭവങ്ങളായി ടൗണുകളിൽ വിൽപനക്കുള്ളത്. നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇത്തവണ ഇഫ്‌താർ വിരുന്നുകളും നിരവധിയാണ്. കൊവിഡ് ഭീതി മാറി ആൾക്കൂട്ടം അനുവദനീയമായതിനാൽ ഇത്തവണ ഈദ്‌ഗാഹുകളിൽ വിശ്വാസികൾ നിറയും.
Also Read: ചെറിയപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് മെഹന്ദി ഫെസ്‌റ്റ്