കോഴിക്കോട്:നാല് പതിറ്റാണ്ട് പഴക്കമുള്ള റോഡ് റോളര്‍ പെയിൻ്റ് ചെയ്‌ത് പുതുക്കിയെടുത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥർ. കുന്ദമംഗലം മണ്ഡലത്തിലെ കാരന്തൂരിൽ പ്രവർത്തിക്കുന്ന പി.ഡബ്ല്യു.ഡി റോഡ് വിഭാഗം സെക്ഷൻ ഓഫിസിലാണ് നാൽപ്പത് വർഷത്തെ ചരിത്രമുള്ള റോഡ് റോളർ ശ്രദ്ധ നേടുന്നത്. അസിസ്റ്റൻ്റ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തുരുമ്പും പൊടിയും നീക്കി നിറം കൊടുത്ത് റോഡ് റോളറിനെ മിനുക്കിയെടുത്തത്.
വെറും റോഡ് റോളറല്ല; മുഖം മിനുക്കി എത്തുന്നത് നാൽപ്പത് വർഷത്തെ ചരിത്രം - Britannica company
കുന്ദമംഗലം മണ്ഡലത്തിലെ കാരന്തൂരിൽ പ്രവർത്തിക്കുന്ന പി.ഡബ്ല്യു.ഡി റോഡ് വിഭാഗം സെക്ഷൻ ഓഫിസില്‍ നാല് പതിറ്റാണ്ട് പഴക്കമുള്ള റോഡ് റോളര്‍ പെയിൻ്റ് ചെയ്‌ത് പുതുക്കിയെടുത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥർ
1982 ൽ ഫറോക്കിലെ ബിൽഡിങ് & റോഡ് സെക്ഷന് വേണ്ടിയായിരുന്നു ഈ റോഡ് റോളർ സർക്കാർ വാങ്ങിയത്. 1987 മുതൽ കുന്ദമംഗലം സെക്ഷന്‍റെ പ്രവൃത്തികൾക്കായി ഉപയോഗിക്കാൻ തുടങ്ങിയ റോഡ് റോളർ ഡ്രൈവറായിരുന്ന പി ദാസൻ 2015 ൽ വിരമിക്കുന്നത് വരെ പ്രവർത്തന ക്ഷമമായിരുന്നു. പിന്നീടാണ് ബ്രിട്ടാനിക്ക കമ്പനി നിർമ്മിച്ച ഈ റോഡ് റോളർ കട്ടപ്പുറത്തായത്.
പൊതുമരാമത്ത് ഓഫിസ് പൊതുജന സൗഹൃദമാക്കുന്നതിന് വേണ്ടി കാട് വെട്ടി വൃത്തിയാക്കുകയും സൗന്ദര്യവത്‌ക്കരിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് പിന്നാമ്പുറത്ത് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരുന്ന റോഡ് റോളർ ആകർഷകമാക്കിയത്. ഇതിന് വേണ്ടി വന്ന ചെലവ് ഉദ്യോഗസ്ഥർ പങ്കിട്ട് എടുക്കുകയായിരുന്നു.