കോഴിക്കോട്: ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ പോസ്‌റ്ററില്‍ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 'അത് സിനിമയുടെ ഒരു പരസ്യമാണെന്നും അതിനെ ആ വിധത്തില്‍ കണ്ടാല്‍ മതിയെന്നുമാണ് മന്ത്രിയുടെ പ്രതികരണം'. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് മുതല്‍ സൈബര്‍ ആക്രമണം നടക്കുമ്പോഴാണ് പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
'അത് സിനിമ പോസ്‌റ്റര്‍, ആ വിധത്തില്‍ കണ്ടാല്‍ മതി'; വിവാദത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ പ്രതികരണം - Kozhikkode News
'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ കനക്കുന്നുവെന്ന പരാതി ഉയരുന്നതിനിടെ ചിത്രത്തിന്‍റെ പോസ്‌റ്ററില്‍ പ്രതികരണമറിയിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്
റോഡിലെ കുഴി പണ്ടേ ഉള്ള പ്രശ്നമാണ്. 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലും പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും കുഴി അടയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ചിത്രത്തിനെതിരെ ഇടത് സൈബർ സെൽ ആക്രമണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇടത് സൈബർ സെൽ, പരസ്യത്തെ മറ്റൊരു തരത്തിൽ ചിത്രീകരിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിമര്‍ശനങ്ങള്‍ ഏത് നിലയിലും സ്വീകരിക്കുമെന്നും നാടിന്റ നല്ലതിന് വേണ്ടിയുള്ളതാണങ്കിൽ ഏത് വിമർശനവും നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി. റോഡിന്‍റെ അറ്റകുറ്റപണികളില്‍ ഏത് കമ്പനി വീഴ്ച വരുത്തിയാലും നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.