കോഴിക്കോട് :മിച്ചഭൂമി കേസിൽ പിവി അൻവർ എംഎൽഎക്കും കുടുംബത്തിനും തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ കൈവശമുള്ള ഭൂമി സംബന്ധിച്ച് അൻവറോ കുടുംബാംഗങ്ങളോ ലാൻഡ് ബോർഡിന് മുൻപിൽ വിശദമായ രേഖകൾ ഒന്നും സമർപ്പിച്ചിട്ടില്ല. എംഎൽഎയുടെയും കുടുംബത്തിന്‍റെയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ (PV Anvar's Excess Land Case).
എന്നാൽ ഇതിലേറെ ഭൂമി കൈവശമുണ്ടെന്നാണ് പരാതിക്കാരനായ കെ.വി ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് ഇന്നുവരെ സമയം നൽകിയത്. 2007ൽ തന്നെ അൻവർ ഭൂപരിധി മറികടന്നിരുന്നു എന്നാണ് കണ്ടെത്തൽ. മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.
അന്‍വറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് കാണിച്ച് വിവരാവകാശ കൂട്ടായ്‌മയാണ് ലാന്‍ഡ് ബോര്‍ഡിന് തെളിവുകള്‍ കൈമാറിയത്. താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിങ്ങിലാണ് 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകൾ വിവരാവകാശ കൂട്ടായ്‌മ കൈമാറിയത്. ഇതുൾപ്പടെ 46.83 ഏക്കർ അധിക ഭൂമി അൻവറിൻ്റെ കൈവശമുണ്ടെന്നാണ് രേഖാമൂലം ലാൻഡ് ബോർഡിന് മുന്നിൽ ലഭിച്ച പരാതി.
ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായും പരാതിക്കാര്‍ ആരോപിച്ചു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്‌സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയതെന്നാണ് ആരോപണം.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് സമര്‍പ്പിച്ച സത്യവാങ്‌മൂലം അടിസ്ഥാനമാക്കിയാണ് പി.വി അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ താമരശേരി ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൊണ്ടുവന്നത്.
ആദ്യ ഉത്തരവ് 2020ൽ, രണ്ടാമത്തേത് 2022ൽ :എംഎല്‍എ പി വി അന്‍വറും കുടുംബവും കൈവശം വയ്ക്കുന്ന, പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് കെ വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2022 ജനുവരി 13-നായിരുന്നു ഹൈക്കോടതി രണ്ടാമത്തെ ഉത്തരവിട്ടത്. എന്നാല്‍, എംഎല്‍എ ആയ അന്‍വറിന്‍റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരെ അടിക്കടി സ്ഥലം മാറ്റിയെന്ന ആരോപണവും ഹർജിയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കുന്നതിന് ഹൈക്കോടതി 2020 മാര്‍ച്ച് 20ന് ആയിരുന്നു ആദ്യത്തെ ഉത്തരവ് ഇറക്കിയത്. അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ രണ്ട് ഹൈക്കോടതി ഉത്തരവുകളുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹർജിക്കാരന്‍ നേരത്തെ, ആരോപിച്ചിരുന്നു.