കോഴിക്കോട് :എംഎല്‍എ പിവി അന്‍വറിനെതിരായ (PV Anwar) മിച്ചഭൂമി കേസ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് (ജൂലൈ 31) വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ മാപ്പപേക്ഷ കൊടുത്ത ലാന്‍ഡ് ബോര്‍ഡ‍്, മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. മിച്ചഭൂമി കേസില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ വന്നതോടെയായിരുന്നു ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.
പിന്നാലെ, നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു താമരശേരി ലാന്‍ഡ് ബോര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാപ്പപേക്ഷ നല്‍കിയത്. കോടതിയില്‍ മാപ്പപക്ഷിച്ച ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി മൂന്നുമാസം കൂടി സാവകാശവും തേടിയിരുന്നു.
ഇതിന് ശേഷമുള്ള ആദ്യത്തെ സിറ്റിങ്ങാണ് താമരശേരി ലാന്‍ഡ് ബോര്‍ഡില്‍ ഇന്ന് നടക്കുന്നത്. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായാണ് പരാതിക്കാരുടെ ആരോപണം. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്‌സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം അടിസ്ഥാനമാക്കിയാണ് അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൊണ്ടുവന്നത്.