കോഴിക്കോട്:മലയാളികളുടെ സ്വന്തം പ്രഭാത ഭക്ഷണമായ പുട്ട് 'ബന്ധങ്ങളെ തകര്‍ക്കുമെന്ന' മൂന്നാം ക്ലാസുകാരൻ്റെ അഭിപ്രായം വൈറലാകുന്നു. പരീക്ഷ പേപ്പറിലാണ് മൂന്നാം ക്ലാസുകാരനായ ജയിസ് ജോസഫ് പുട്ട് ഉപന്യാസം നടത്തിയത്. ഉത്തരക്കടലാസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
'കുടുംബ ബന്ധങ്ങൾക്ക് പുട്ട് വില്ലൻ'; രസകരമായ ഉത്തരവുമായി മൂന്നാം ക്ലാസ് വിദ്യാർഥി ഇഷ്‌ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. കോഴിക്കോട് മുക്കം സ്വദേശിയും ബെംഗളൂരുവില്‍ പഠിക്കുകയും ചെയ്യുന്ന ജയിസ് ജോസഫ് അതിനെ ഇങ്ങനെ വിവരിച്ചു:
'എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരികൊണ്ടാണ് തയാറാക്കുന്നത്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെ ഉണ്ടാക്കുന്നു.
അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല.
അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്ക് പറയും. അപ്പോള്‍ ഞാൻ കരയും. അതുകൊണ്ടു തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണ്.'
ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിദ്യാര്‍ഥിയെ അഭിനന്ദിച്ചു. ഉത്തരത്തിനിടയില്‍ എക്‌സലന്‍റ് എന്നെഴുതി. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതികളുടെ മകനാണ് ജയിസ് ജോസഫ്. സോജി ജോസഫാണ് മകൻ്റെ രസകരമായ പുട്ട് കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
Also Read: സിനിമ സെറ്റുകളിൽ സ്ത്രീ സുരക്ഷ സംവിധാനം വേണം: ഹൈക്കോടതി