കേരളം

kerala

ETV Bharat / state

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; കോര്‍പ്പറേഷനും ബാങ്കും രണ്ട് തട്ടില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രജില്‍

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്‍പറേഷന്‍റെ അകൗണ്ടില്‍ നിന്ന് പണം തട്ടിയ ബാങ്ക് മാനേജര്‍ രജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. വിഷയത്തില്‍ ബാങ്കും കോര്‍പറേഷനും രണ്ട് തട്ടില്‍.

Punjab National Bank Fraud in Kozhikode updates  Punjab National Bank  Punjab National Bank Fraud  പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രജില്‍  കോര്‍പറേഷനും ബാങ്കും രണ്ട് തട്ടില്‍  മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാനേജര്‍ രജില്‍  മേയർ ബീന ഫിലിപ്പ്  കോഴിക്കോട് കോര്‍പറേഷന്‍ മേയർ ബീന ഫിലിപ്പ്  കോഴിക്കോട് കോര്‍പറേഷന്‍ മേയർ  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  ബാങ്ക് തട്ടിപ്പ് കേസ്
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രജില്‍; കോര്‍പറേഷനും ബാങ്കും രണ്ട് തട്ടില്‍

By

Published : Dec 3, 2022, 11:13 AM IST

കോഴിക്കോട്:പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ ബാങ്ക് മാനേജര്‍ എം.പി രജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജില്ല കോടതി ഇന്ന് തന്നെ അപേക്ഷ പരിഗണിക്കും. അതേസമയം വിഷയത്തില്‍ കോർപ്പറേഷനും ബാങ്കും രണ്ട് തട്ടിലാണ്.

നഷ്‌ടപ്പെട്ട തുകയുടെ കണക്കുകളിലാണ് പൊരുത്തക്കേട്. 15 കോടി 24 ലക്ഷം രൂപ നഷ്‌ടപ്പെട്ടു എന്നാണ് കോഴിക്കോട് കോര്‍പറേഷന്‍ മേയർ ബീന ഫിലിപ്പ് പറഞ്ഞത്. എന്നാൽ ബാങ്ക് മാനേജര്‍ രജില്‍ തട്ടിയെടുത്തത് 12 കോടി മാത്രമെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കുന്നത്.

ഇതോടെ സംശയങ്ങൾ വർധിക്കുകയാണ്. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലേക്കാണ് അന്വേഷണം ഇപ്പോള്‍ നീങ്ങുന്നത്. അതിനിടെ കേസ് എടുത്ത് നാല് ദിവസം കഴിഞ്ഞിട്ടും രജില്‍ എവിടെയെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് സാഹചര്യമൊരുക്കുന്ന തരത്തിൽ കോർപ്പറേഷനും അലംഭാവം കാണിച്ചെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

മാസത്തിലൊരിക്കലെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്നാണ് നിർദേശം. എന്നാൽ ഇത് അവഗണിച്ചത് ബാങ്ക് മാനേജർ രജിലിന് കാര്യങ്ങൾ എളുപ്പമാക്കാനായി. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദേശവും ലംഘിക്കപ്പെട്ടു.

തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് കോഴിക്കോട് കോർപ്പറേഷന്‍റെ തീരുമാനം. പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50ഓളം അക്കൗണ്ടുകളാണ്. ഇതിൽ 7 അക്കൗണ്ടുകളിൽ നിന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ രജില്‍ പണം തട്ടിയത്.

കോർപ്പറേഷന്‍റെ വിവിധ അക്കൗണ്ടുകളിൽ നിന്ന് രജില്‍ പിതാവ് രവീന്ദ്രന്‍റെ പഞ്ചാബ് നാഷണൽ ബാങ്കിൽ തന്നെയുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അതേ സമയം തന്നെ പിതാവിന്‍റെ അക്കൗണ്ടില്‍ നിന്ന് രജില്‍ ആക്‌സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിക്കൊണ്ടിരുന്നു. എന്നാല്‍ കോർപ്പറേഷൻ അധികൃതർ ഇതൊന്നും അറിഞ്ഞതേയില്ല.

also read:അക്കൗണ്ടില്‍ നിന്ന് ഒന്നര കോടി കൂടി തട്ടി ; കോര്‍പറേഷന്‍റെ ഭാഗത്തും വീഴ്‌ചയെന്ന് കണ്ടെത്തല്‍
കോഴിക്കോട് കോർപ്പറേഷനിലെ അക്കൗണ്ട് വിഭാഗത്തിന്‍റെ പോരായ്‌മകളെ കുറിച്ച് ഓഡിറ്റ് വിഭാഗം കഴിഞ്ഞ വർഷം റിപ്പോർട്ട് നൽകിയതാണ്. ആഴ്‌ചയിൽ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എടുത്ത് അടവുകളെല്ലാം കൃത്യമാണ് എന്ന് ഉറപ്പിച്ചില്ല. ലഭിക്കുന്ന ചെക്കുകൾ പാസായോ എന്ന് ബാങ്കുകളിൽ വിളിച്ചു ചോദിക്കുന്ന രീതിയാണ് ഉള്ളത്.

ഇക്കാരണത്താൽ നിത്യ വരവ് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയി എന്ന് പരിശോധിക്കുന്ന രീതിയില്ലെന്നും ഓഡിറ്റ് വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ചുരുക്കത്തിൽ ഈ തട്ടിപ്പ് മറ്റ് സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. മുഴുവൻ അക്കൗണ്ടുകളും വീണ്ടും പരിശോധിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങൾ.

also read:അക്കൗണ്ടില്‍ നിന്ന് കാണാതായത് 15 കോടി 24 ലക്ഷം; മൂന്ന് ദിവസത്തിനകം പണം തിരികെ എത്തുമെന്ന് ബാങ്ക് അറിയിച്ചതായി മേയര്‍

ABOUT THE AUTHOR

...view details