കോഴിക്കോട്: കായിക മേഖലയെ തൊട്ടറിഞ്ഞ മുന്‍ താരം. ആ പ്രതിഭയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ താരങ്ങള്‍. തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്ന ലിന്‍റോ ജോസഫാണ് ആ മുന്‍ താരം. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയാണ് ലിന്‍റോ. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമിയിലെത്തിയതായിരുന്നു സ്ഥാനാര്‍ഥി. പഴയ തട്ടകത്തില്‍ ലിന്‍റോയ്ക്കായി ഉജ്ജ്വല സ്വീകരണമാണൊരുക്കിയത്.
വിദ്യാർഥി രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ചപ്പോൾ തന്നെ മികച്ച കായിക താരമെന്ന നേട്ടവും ലിന്‍റോ കരസ്ഥമാക്കിയിരുന്നു. പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമിയിലൂടെ കായിക രംഗത്ത് ചുവടുറപ്പിച്ച ലിന്‍റോ 1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന തല വിജയിയായിരുന്നു. കൂടാതെ 2007ലെ ഗോവ നാഷനൽ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്തു.