പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ നീക്കി കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്‌ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ അഴിച്ച് മാറ്റി. ലോകകപ്പ് അവസാനിച്ചതോടെ കട്ടൗട്ടുകൾ നീക്കാൻ കൊടുവള്ളി നഗരസഭ നിർദേശിച്ചിരുന്നു. അർജൻ്റീന ലോക ചാമ്പ്യന്മാരായതോടെ ആഘോഷമായി പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചുമാണ് മെസിയുടെ കട്ടൗട്ട് താഴെയിറക്കിയത്.
ലോകകപ്പിന് ഒരു മാസം മുൻപ് തന്നെ ഉയർന്ന കട്ടൗട്ടുകൾ അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ വരെ ചര്‍ച്ചയായിരുന്നു. പുഴയുടെ നടുവിൽ അർജന്‍റീനൻ സൂപ്പർ താരം ലിയോണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ആണ് ആദ്യം ഉയർന്നത്. ആദ്യ കട്ടൗട്ട് ഹിറ്റായതിന് തൊട്ടുപിന്നാലെ മെസിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറുടെ കട്ടൗട്ടും ഉയർന്നു.
രാത്രി കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്‌ജീകരിച്ചാണ് നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു. പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി.
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന ജില്ല കലക്‌ടർക്ക് പരാതി നൽകി. എന്നാൽ കട്ടൗട്ടുകൾ എടുത്തുമാറ്റില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ ഉറപ്പ് നൽകിയതോടെ പരാതിയും വിവാദവും വെള്ളത്തിലായി.
ഏറ്റവും ഒടുവിൽ കപ്പുയർത്തിയ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ അഭിവാദ്യങ്ങൾ കൂടി ഏറ്റുവാങ്ങിയാണ് ആരാധകരും കട്ടൗട്ടുകളും പുഴ കയറിയത്.