കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം തുറന്ന് ഏഴ് മാസം പിന്നിട്ടിട്ടും ബസ് സർവീസ് ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ബസ് സര്‍വീസ് ആരംഭിക്കുന്നതില്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട് ആർടിഒ യോഗത്തിലും ബസ് സര്‍വീസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ അനുമതി നൽകിയില്ല.
ആർടിഒ ഓഫിസിൽ സമർപ്പിക്കപ്പെട്ട വിവിധ റൂട്ടുകളിലെ പുതിയ പെർമിറ്റിനുള്ള 21 അപേക്ഷകളില്‍ പഠനം വേണമെന്ന് പറഞ്ഞ് മാറ്റിവച്ചതിൽ നാലെണ്ണം എളമരം പാലം വഴിയുള്ളതാണ്. പാലത്തിലൂടെയുള്ള മറ്റ് രണ്ട് പെർമിറ്റ് അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാതെ മലപ്പുറം ആർടിഒക്ക് വിടുകയായിരുന്നു. മൂന്ന് എംപിമാരും മറ്റ് ജന പ്രതിനിധികളും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും മാധ്യമങ്ങളും നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞാണ് നാല് അപേക്ഷകൾ അനിശ്ചിതമായി മാറ്റിവച്ചത്.