കോഴിക്കോട്: കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ തന്നെ ആളുകള്‍ സംഘടിച്ചെത്തി പ്രദേശത്ത് പ്രതിഷേധിച്ചു. ടയര്‍ കത്തിച്ചും ഗതാഗതം തടസപ്പെടുത്തിയുമാണ് പ്രതിഷേധം.
കോതി മാലിന്യ പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തം പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. എം കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സമരക്കാരെ സന്ദർശിച്ചു.
വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്ന് എംപി ആവശ്യപ്പെട്ടു. കൂടാതെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്‍റിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
നിര്‍മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിനെതിരെ പ്ലാന്‍റ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്റ്റേ നീക്കുകയും ചെയ്‌തു. തുടര്‍ന്നാണ് നിര്‍മാണം പുനരാരംഭിച്ചത്. നിര്‍മാണം വീണ്ടും ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.