കോഴിക്കോട്:പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിധവയായ യുവതിയുടെ വീട് സ്വകാര്യ ധനകാര്യ സ്ഥാപനം ആളില്ലാത്ത സമയത്ത് ജപ്‌തി ചെയ്‌തതായി പരാതി. കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് പ്രദേശത്ത് ദേവകിയുടെ വീടാണ് ജപ്‌തി ചെയ്‌തത്. ദേവകി തൊഴിലുറപ്പ് ജോലിക്ക് പോയി തിരികെ വന്നപ്പോഴാണ് ജപ്‌തി നടന്ന വിവരം അറിയുന്നത്.
പത്താം ക്ലാസ്സിൽ പഠിക്കുന്ന ഇവരുടെ കൊച്ചു മകളുടെ പുസ്‌തകം അടക്കം അടച്ചുപൂട്ടിയ വീടിനകത്താണുള്ളത്. ഭവനരഹിതരായ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യം വിനിയോഗിച്ച് വാങ്ങിയ സ്ഥലത്ത് നിർമിച്ച വീടാണ് ജപ്‌തി ചെയ്‌തത്. അതേസമയം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്.സുരേഷ് ആരോപിച്ചു. മാത്രമല്ല സർക്കാർ ആനുകൂല്യം ഉപയോഗിച്ച് നിർമിച്ച വീടിനും സ്ഥലത്തിനും ലോൺ നൽകിയതിലും ദുരൂഹതയുണ്ടെന്ന് പട്ടിക ജാതി ക്ഷേമസമിതിയും കുറ്റപ്പെടുത്തി.
ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ജപ്‌തി നടപടിക്കെതിരെ നാട്ടുകാരും സിപിഎം പ്രവർത്തകരും പ്രതിഷേധത്തിലാണ്. മൂന്നുലക്ഷം രൂപയാണ് സ്വകാര്യ പണമിടപാട് കമ്പനിയിൽ നിന്നും ദേവകിയുടെ മകൻ ലോണെടുത്തത്. ഗഡുക്കളായി കുറച്ചു പണം തിരിച്ചടച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. പത്താംതരം പ്ലസ് ടു പരീക്ഷകൾ എഴുതിക്കൊണ്ടിരിക്കുന്ന കുട്ടികൾ താമസിക്കുന്ന വീടാണ് കമ്പനി അധികൃതർ വ്യാഴാഴ്‌ച ഉച്ചയോടെ ജപ്‌തി ചെയ്‌തത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പട്ടികജാതി ക്ഷേമ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് കുടുംബത്തെ വീട്ടിൽ പ്രവേശിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ പണം തിരിച്ചടയ്ക്കാനുള്ള നടപടി കൈക്കൊള്ളുമായിരുന്നുവെന്ന് പട്ടികജാതി ക്ഷേമ സമിതി വ്യക്തമാക്കി. തുടർനടപടികൾ ആലോചിക്കാൻ സംഘം വീട് സന്ദർശിക്കും.