കോഴിക്കോട്:ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട്-മാവൂർ-എടവണ്ണപ്പാറ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേയ്ക്ക്. ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ തുടരുന്ന പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാവൂർ റൂട്ടിലും സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നത്.
കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേയ്ക്ക് - kozhikode latest news
ബസ് തൊഴിലാളികൾക്ക് നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്

മാവൂരിൽനിന്ന് കോഴിക്കോട്, മുക്കം, എൻഐടി, കൂളിമാട്, ചെറുവാടി, അരീക്കോട് തുടങ്ങിയ റൂട്ടുകളിലേയ്ക്കുള്ള ബസുകളാണ് അനിശ്ചിതകാലത്തേയ്ക്ക് സർവീസ് നിർത്തിവയ്ക്കുന്നത്. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്, മാവൂർ, രാമനാട്ടുകര, പുതിയേടത്തു പറമ്പ് റൂട്ടിലോടുന്ന ബസുകൾ നവംബർ 4 വൈകിട്ട് മുതൽ സർവീസ് നിർത്തിയിരുന്നു. നിരന്തരമായി ബസ് ജീവനക്കാർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ഡോട്ട് കോം എന്ന ബസിലെ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്‌ച മിന്നൽ പണിമുടക്ക് തുടങ്ങിയത്. പെരുവയൽ അങ്ങാടിയിലായിരുന്നു സംഭവം. ബസ് ജീവനക്കാർ മാവൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കുന്നത്.