കോഴിക്കോട്:'ഒരു ജാതി സ്ഥലം'... തൃശൂർ സ്റ്റൈലില്‍ പറഞ്ഞാല്‍ പൂവാറൻ തോട് ശരിക്കും 'ഒരു ജാതി സുന്ദര ഗ്രാമമാണ്'. പക്ഷേ, ഈ പൂവാറൻതോട് തൃശൂർ ജില്ലയിലല്ല. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പൂവാറൻതോട്. കേരളത്തില്‍ ഏറ്റവും കൂടുതൽ ജാതി കൃഷിയുള്ള ഗ്രാമമെന്ന നേട്ടം ഈ സുന്ദര ഗ്രാമത്തിന് മാത്രം സ്വന്തം. അങ്ങനെയാണ് ഇതൊരു ജാതി ഗ്രാമമായത്.
1960 കളുടെ തുടക്കത്തിൽ തിരുവിതാംകൂറിൽ നിന്നും മലകയറി പൂവാറൻതോട്ടിലെത്തിയവർ നെല്ലും, രാമച്ചവും കൃഷി ചെയ്‌തു. സാമ്പത്തികമായി മെച്ചമില്ലാതായതോടെ കൃഷി കുരുമുളകായി. ദ്രുതവാട്ടം കുരുമുളകിനെ ബാധിച്ചതോടെ റബ്ബറിലേക്ക് തിരിഞ്ഞു. പിന്നീട് തെങ്ങും കവുങ്ങും പരീക്ഷിച്ചെങ്കിലും മഞ്ഞളിപ്പ് രോഗം കർഷകരെ വീണ്ടും കടക്കെണിയിലാഴ്ത്തി.