കോഴിക്കോട്: മൂന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിനായി എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഡിസംബര്‍ 14ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ 2,533,024 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,208,545 പുരുഷന്മാരും 1,324,449 സ്‌ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1064 പ്രവാസി വോട്ടര്‍മാരുമുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 3,274 വോട്ടിങ് മെഷീനുകള്‍ സജ്ജമാക്കിയതായി കലക്ടര്‍ അറിയിച്ചു. പോളിങ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കി. ഓരോ വോട്ടറുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന വിധമാണ് വോട്ടിങ് കമ്പാര്‍ട്ട്മെന്‍റുകളുടെ സജ്ജീകരണം. ജില്ലയിലാകെ 2,987 ബൂത്തുകളാണുള്ളത്. ഇതില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 1000 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലുള്ളത് 915 സെന്‍സിറ്റീവ് ബൂത്തുകളാണ്. ജില്ലയിലുടനീളം ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുക. ഇതിന്‍റെ ഭാഗമായി ഹരിത ചട്ടം പാലിച്ച് 15 മാതൃകാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 1951 വാഹനങ്ങളാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സജ്ജമാക്കിയത്. ഡിസംബര്‍ 13ന് വൈകുന്നേരം മൂന്ന് മണി വരെ പ്രത്യേക ബാലറ്റ് വിതരണം ചെയ്യും. ജില്ലയില്‍ 17,303 പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 14,935 ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിലുണ്ടാവും. 400 പേരടങ്ങിയ സ്പെഷ്യല്‍ പോളിങ് ഉദ്യോഗസ്ഥരെയും വിനിയോഗിച്ചിട്ടുണ്ട്. 400 പേരടങ്ങിയ സ്പെഷ്യല്‍ പോളിങ് ഉദ്യോഗസ്ഥരെയും വിനിയോഗിച്ചിട്ടുണ്ട്. അതേസമയം ജില്ലയിലെ 91 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് നടത്തും. പോളിങ് ദിവസം മോക്‌പോളിങ് ആരംഭിക്കുന്നത് മുതല്‍ പോളിങ് അവസാനിക്കുന്നത് വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വെബ്കാസ്റ്റിങ് നിരീക്ഷണത്തിലായിരിക്കും.