കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു. സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി.
സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചതിന് കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. ഐപിസി 153-ാം വകുപ്പാണ് ചേർത്തിരിക്കുന്നത്. മന്ത്രി പിഎ.മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചായിരുന്നു റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി പ്രസംഗിച്ചത്.
റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്‍റേടം വേണമെന്നുമായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രസംഗിച്ചത്, 'മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്‍റ് പുതിയാപ്ലയാണ്. എന്‍റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ.? അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്‍റേടം വേണം.സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം.'